മോഹന്‍ലാല്‍ ആരാധകര്‍ ഇപ്പോള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. വിപുലമായ സ്റ്റാര്‍കാസ്റ്റാണ് ഒടിയനുള്ളത്. ഇതിനൊപ്പം നിരവധി അഭ്യൂഹങ്ങളും ചിത്രത്തിലെ താരനിരയെ സംബന്ധിച്ച് ഉയര്‍ന്നിരുന്നു. അമിതാഭാ ബച്ചന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമെന്നാണ് ഷൂട്ടിംഗിന്റെ ആദ്യ ഘട്ടത്തില്‍ അഭ്യൂഹം പ്രചരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത് മലയാളത്തിന്റെ ബിഗ് എംസ് ഒടിയനായി ഒന്നിക്കുന്നു എന്നാണ്. വാര്‍ത്തകള്‍ക്ക് ശക്തി പകര്‍ന്നുകൊണ്ട് മമ്മൂട്ടി ഒടിയന്‍ സെറ്റില്‍ എത്തുകയും ചെയ്തു. ഒടിയന്‍ മാണിക്യന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന് ഒടിവിദ്യ പകര്‍ന്നു നല്‍കുന്ന ഗുരുവായി മമ്മൂട്ടി എത്തുമെന്ന് ഇതോടെ വ്യാപകമായി പ്രചരിക്കപ്പെട്ടു. എന്നാല്‍ തന്റെ ബിഗ്ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ക്ക് പാലക്കാട്ടെത്തിയ മമ്മൂട്ടി നടത്തിയ സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നു അതെന്നാണ് ലഭിക്കുന്ന വിവരം.