മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ചിത്രവും മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായ ഒടിയന്‍ തിയറ്ററുകളിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഡിസംബര്‍ 14ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ സെന്‍സര്‍ കോപ്പിക്ക് 2 മണിക്കൂര്‍ 43 മിനുറ്റാണ് ദൈര്‍ഘ്യം. ഇന്ത്യക്കകത്തും പ്രധാന വിദേശ സെന്ററുകളിലും ഒരുമിച്ചായിരിക്കും റിലീസ്. പല വിദേശ സെന്ററുകളിലും മികച്ച റിലീസ് സാധ്യമാക്കി ആദ്യ ദിനങ്ങളില്‍ തന്നെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഫ്രാന്‍സില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമായും ഒടിയന്‍ മാറും.
തെലുങ്ക് പതിപ്പും ഡിസംബര്‍ 14ന് തന്നെ പുറത്തിറക്കും. ആശിര്‍വാദ് സിനിമാസ് 45 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്റെ പ്രൊമോഷനായും വന്‍ തുകയാണ് ചെലവിടുന്നത്. ഒടിയന്‍ പ്രതിമകള്‍ വിവിധ തിയറ്ററുകളില്‍ സ്ഥാപിച്ചു കഴിഞ്ഞു. 300ല്‍ അധികം ഫാന്‍സ് ഷോകള്‍ ആദ്യ ദിനത്തില്‍ ചിത്രത്തിനുണ്ടാകുമെന്നാണ് സൂചന. മോഹന്‍ലാല്‍ ഫാന്‍സിന്റെ നേതൃത്വത്തിലും ചിത്രത്തിനായി വന്‍ പ്രചാരണമാണ് നടത്തുന്നത്.
ഹരികൃഷ്ണന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ഫാന്റസി ഘടകങ്ങളുള്ള ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറാണെന്ന് ശ്രീകുമാര്‍ പറയുന്നു. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ ഇന്നസെന്റ്, പ്രകാശ് രാജ്, കൈലാഷ്, നരേന്‍ തുടങ്ങിയവര്‍ വേഷമിടുന്നു.