നവാഗതനായ ഡോ.പ്രഗ്ഭൽ സംവിധാനം ചെയ്യുന്ന അഡ്വഞ്ചറസ് ആക്ഷൻ ത്രില്ലർ മഡ്ഡിയുടെ ടീസർ വൈറലാകുന്നു. ഇതിനകം മോളിവുഡില്‍ നിന്നുള്ള ഒരു ചിത്രത്തിന്‍റെ ടീസറിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് ടീസര്‍ നേടിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ റിലീസ് ചെയ്ത ടീസർ മണിക്കൂറുകൾക്കകം റെക്കോർഡുകൾ ഭേദിച്ചു. രണ്ട് ദിനം കൊണ്ട് പത്ത് ദശലക്ഷം (10മില്യൺ വ്യൂസ്) ആളുകളാണ് ടീസർ കണ്ടിരിക്കുന്നത്.
മഡ് റേസിങ്ങ് എന്താണെന്ന് അറിയാനുളള സസ്‌പെൻസ് ടീസർ നിലനിർത്തുന്നു. ഇതിനു പുറമെ സാഹസികതയും, ഇരു ടീമുകൾ തമ്മിലുളള വൈരാഗ്യവും, പ്രണയവുമൊക്കെ ടീസറിൽ ഒളിഞ്ഞിരിക്കുന്നു. ഇതൊരു കളിയല്ല രണ്ടു പിശാചുകൾക്കിടയിൽ പ്രതികാരത്തിന് വേണ്ടിയുളള ഓട്ടമാണെന്ന് ടീസർ വ്യക്തമാക്കുന്നുണ്ട്. ഇതു വരെ സിനിമകളിൽ കാണാത്ത ചിത്രത്തിന്റെ ലോക്കേഷനുകളും അതി ഗംഭീരമായ കാഴ്ച വിരുന്നായിരിക്കും. കൂടാതെ ‘കോസ്റ്റ്ലി മോഡിഫൈഡ്’ 4×4 വാഹനങ്ങളാണ് മഡ് റേസിംഗിനായി സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.
ശ്വാസം അടക്കിപ്പിടിച്ച് മാത്രമാണ് ചിത്രത്തിന്റെ ത്രസിപ്പിക്കുന്ന ടീസർ കാണാനാവുക. അതിൽ പ്രധാന പങ്കു വഹിച്ചിരിക്കുന്നത് പശ്ചാത്തല സംഗീതമാണ്. കെ.ജി.എഫിന്റെ സംഗീത സംവിധായകൻ രവി ബസ്‌റൂർ ആണ് മഡ്ഡിയുടെ സംഗീതം ചെയ്തിരിക്കുന്നത്.
സാൻ ലോകേഷിന്റെ എഡിറ്റിങ്ങിനും, കെ.ജി.രതീഷിന്റെ ഛായാഗ്രഹണത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.മലയാള സിനിമയ്ക്ക് ഡോ.പ്രഗ്ഭൽ പുതിയൊരു വാഗ്ദാനമായിരിക്കുമെന്നാണ് ആസ്വാദകരുടെ പക്ഷം. ഇന്ത്യയിൽ തന്നെ ആദ്യമായാണ് 4×4 മഡ് റേസ് പ്രമേയമായി ഒരു സിനിമ പുറത്തിറങ്ങുന്നത്. മഡ്ഡിയുടെ ടീസർ ഫഹദ് ഫാസിൽ, ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി, ആസിഫ് അലി, സിജു വിൽസൺ, അമിത് ചക്കാലക്കൽ എന്നീ താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പുറത്തുവിട്ടത്. ഇതുവരെ പുറംലോകം കണ്ടിട്ടില്ലാത്ത മനോഹരവും, അതിസാഹസികവുമായ ലോക്കേഷനിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് റേസിംഗിൽ രണ്ട് വർഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളൊന്നും കൂടാതെയാണ് ഈ ചിത്രത്തിന്റെ സാഹസിക രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
പി.കെ. സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസാണ് സിനിമ നിർമ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഹരീഷ് പേരഡി,ഐ.എം.വിജയൻ, രൺജി പണിക്കർ, സുനിൽസുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങൾ. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ നാല് ഭാഷകളിലാണ് മഡ്ഡി റിലീസിനൊരുങ്ങുന്നത്. മഡ്ഡിയുടെ ഹിന്ദി ടീസർ ബോളിവുഡ് താരം അർജുൻ കപൂറും, തമിഴിൽ ജയം രവിയും അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പുറത്തുവിട്ടിരുന്നു. കന്നഡയിൽ ഡോ ശിവരാജ് കുമാർ, തെലുങ്കിൽ അനിൽ രവിപുടി എന്നിവരും മഡ്ഡിയുടെ ടീസർ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Muddy teaser crossed 10M views and making new Mollywood records. This Dr. Prabhagal directorial will release in 5 languages.