രഞ്ജിത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഡ്രാമ നവംബര്‍ 2ലേക്ക് റിലീസ് മാറ്റിയെന്ന് റിപ്പോര്‍ട്ട്. നേരത്തേ സെപ്റ്റംബര്‍ 14നാണ് റിലീസ് നിശ്ചയിച്ചിരുന്നത്. ഓണച്ചിത്രങ്ങള്‍ റിലീസ് മാറ്റിവെച്ചതോടെയാണ് ഡ്രാമയുടെ റിലീസ് തീയതിയും മാറ്റേണ്ടി വന്നത്. ഏറക്കുറേ മുഴുവനായും ലണ്ടനില്‍ നടക്കുന്ന കഥയാണ് ഡ്രാമ പറയുന്നത്. ഈ കൂട്ടുകെട്ടിലെ മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി മാസ് ഘടകങ്ങള്‍ തീരെയില്ലാത്ത ഒരു ചിത്രമായിരിക്കും ഡ്രാമ. തമാശയും സെന്റിമെന്റ്‌സും ഫാമിലി ഡ്രാമയുമെല്ലാം ചേര്‍ന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന. മലയാളത്തില്‍ ഇതുവരെ വരാത്ത സ്വഭാനത്തിലുള്ള ചിത്രമാണിതെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്. വളരേ വേഗത്തില്‍ ഒരുക്കിയ ഈ പ്രൊജക്റ്റില്‍ ഏറെ പ്രതീക്ഷയാണ് താരത്തിനുള്ളത്.
ബന്ധുക്കള്‍ക്കൊപ്പം താമസിക്കാന്‍ ലണ്ടനില്‍ എത്തുന്ന ഒരു വയോധിക മരണപ്പെടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഹാസ്യത്തിന്റെ മേമ്‌ബൊടിയില്‍ അവതരിപ്പിക്കുന്നതെന്നാണ് സൂചന. ചുരുങ്ങിയ ചുറ്റുപാടുകള്‍ക്കകത്ത് നടക്കുന്ന കഥയായാണ് ചിത്രം ഒരുങ്ങുന്നത്. ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍, ജോണി ആന്റണി, കനിഹ, കോമള്‍ ശര്‍മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന അഭിനേതാക്കളായുണ്ട്. വിനു തോമസാണ് സംഗീതം നല്‍കുന്നത്. ഛായാഗ്രഹണം അഴകപ്പനും എഡിറ്റിംഗ് പ്രശാന്ത് നാരായണനും നിര്‍വഹിക്കുന്നു.