എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം 1000 കോടിയോളെ മുടക്കുമുതലില്‍ വന്‍ സിനിമയാകുമ്പോള്‍ അതിലെ പ്രധാന വേഷമായ ഭീമനെ അവതരിപ്പിക്കുന്ന താന്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് നല്ല ബോധ്യമുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍. ഭീമന്‍ സഹിച്ചതിനേക്കാളും ത്യജിച്ചതിനേക്കാളും താന്‍ ഈ സിനിമയ്ക്കായി സഹിക്കേണ്ടിയും ത്യജിക്കേണ്ടിയും വരുമെന്നും അതിനു തയാറാണെന്നും മാതൃഭൂമി ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കുന്നു.
‘ ഒരു യോദ്ധാവിന്റെ ശരീരമായി ഞാന്‍ മാറേണം. ഗദയാണ് ഭീമന്റെ ആയുധം, ഗദായുദ്ധത്തിലാണ് അദ്ദേഹത്തിന്റെ കേമത്തം. ഗദായുദ്ധം അഭ്യസിക്കണം. ഗദായുദ്ധത്തിനൊപ്പം പല തരം യുദ്ധമുറകള്‍ ശീലിക്കണം.
വ്യത്യസ്തരായ മാസ്റ്റേഴ്‌സാവും ഇവ ചിത്രീകരിക്കുക. ഗ്ലാഡിയേറ്റര്‍മാര്‍. മൂന്നോ നാലോ മാസം ഞാന്‍ അമേരിക്കയില്‍ പോയി ഇതിന്റെയെല്ലാം തയ്യാറെടുപ്പിന് മാത്രമായി ചെലവിടേണ്ടിവരും. കാറ്റിന്റെ പുത്രനാണ് ഭീമന്‍. രഥങ്ങളില്‍നിന്ന് രഥങ്ങളിലേക്ക് മാറിയുള്ള യുദ്ധരൂപങ്ങളുണ്ട്. കായികമായി അത് അഭ്യസിക്കേണ്ടിവരും.
നാഗന്മാരില്‍നിന്നും അദ്ദേഹം അഭ്യസിക്കുന്ന യുദ്ധരീതി വേറെയാണ്, കളരിയുടെ വകഭേദങ്ങളുണ്ട്. ഇതെല്ലാം ശരീരത്തില്‍ ഉള്‍ക്കൊള്ളണം,’ മോഹന്‍ലാല്‍ പറയുന്നു.
ഒന്നോ ഒന്നരയോ വര്‍ഷം ചിത്രത്തിനായി ചെലവഴിക്കേണ്ടി വരും. മറ്റ് പ്രൊജക്റ്റുകള്‍ അക്കാലത്ത് ഏറ്റെടുക്കാനാകില്ല. കഴിഞ്ഞ 38 വര്‍ഷത്തെ അനുഭവ പരിചയവും അധ്വാനവും ചെയ്തുചെയ്ത് സ്വായത്തമാക്കിയ ടെക്‌നിക്കുകളും ഭീമനെ അവതരിപ്പിക്കുമ്പോള്‍ തനിക്ക് തുണയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്രയും വലിയ മുടക്കുമുതലില്‍ ഈ പ്രൊജക്റ്റ് മലയാളത്തിലെ ഒരു നോവലിനെ ആധാരമാക്കി നടക്കുമോയെന്ന ആശങ്കകള്‍ക്കും ലാലേട്ടന്‍ മറുപടി നല്‍കുന്നുണ്ട്. നടക്കുമോ, ഇല്ലയോ എന്ന് ആശങ്കപ്പെടുന്നില്ലെന്നും നടക്കുമെന്ന് വിശ്വസിച്ച് ഈ സ്വപ്‌ന പദ്ധതിയുടെ കൂടെ സഞ്ചരിക്കുക എന്നത് വലിയ ആനന്ദമാണെന്നുമാണ് അദ്ദേഹം പറയുന്നത്.