പ്രിയദര്‍ശന്റെ സംവിധാനത്തില്‍ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥ പറയുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് വൈകും. നേരത്തേ കേരളപ്പിറവി ദിനത്തില്‍ ഷൂട്ടിംഗ് ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്ന ചിത്രം പിന്നീട് നവംബര്‍ 15ന് തുടങ്ങുമെന്നാണ് സൂചന ലഭിച്ചത്. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഡിസംബറില്‍ മാത്രമേ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കൂ. എഎംഎംഎ സ്‌റ്റേജ് ഷോയ്ക്കായി മോഹന്‍ലാല്‍ വിദേപര്യടനം നടത്തി തിരിച്ചെത്തിയാല്‍ പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുണ്ട്. തമിഴില്‍ കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യ 37ന്റെ അടുത്ത ഷെഡ്യൂളിലും ജോയിന്‍ ചെയ്യണം. ഒടിയന്‍ പ്രമോഷന്‍ പരിപാടികളും കൂടി കണക്കിലെടുക്കുമ്പോള്‍ ഒരു പക്ഷേ മരക്കാരുടെ ഷൂട്ടിംഗ് അടുത്ത വര്‍ഷത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്.
ചിത്രത്തില്‍ മഞ്ജുവാര്യര്‍ നായികാ വേഷത്തിലെത്തും. മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. പ്രണവിന്റെ നായികയായി കല്യാണി പ്രിയദര്‍ശനെയും നിശ്ചയിച്ചിട്ടുണ്ട്. കല്യാണി ആദ്യമായി അച്ഛന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നു എന്നതും മലയാളത്തില്‍ അരങ്ങേറുന്നു എന്നതും ചിത്രത്തിന്റെ സവിശേഷതയാകും. കീര്‍ത്തി സുരേഷും നായികാ വേഷത്തിലുണ്ട്.
തമിഴിലെ ആക്ഷന്‍ കിംഗ് അര്‍ജുനും ബോളിവുഡ് താരം സുനില്‍ ഷെട്ടിയും തമിഴ് താരം പ്രഭുവും പ്രധാന വേഷങ്ങളിലുണ്ട്. ഹൈദരാബാദിലായിരിക്കും ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിംഗ്.
സാമൂതിരിയുടെ പടത്തലവന്‍മാരായി ചരിത്രത്തില്‍ നാലു കുഞ്ഞാലി മരക്കാര്‍മാരാണുള്ളത്. ഇതില്‍ ആദ്യത്തെ കുഞ്ഞാലി മരക്കാറായ കുട്ട്യാലി മരക്കാറുടെ വേഷത്തില്‍ മധു എത്തും. കോണ്‍ഫിഡന്റ് ഗ്രൂപ്പും ആശിര്‍വാദ് സിനിമാസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ചൈന, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളിലെ തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളും ഭാഗമാകും. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
ദക്ഷിണേന്ത്യയിലെ വിവിധയിടങ്ങളില്‍ ചിത്രത്തിന് ഷൂട്ടിംഗുണ്ട്. 100 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കുന്നതെന്നും കൃത്യമായ ബജറ്റ് ഇപ്പോള്‍ പറയാനാകില്ലെന്നുമാണ് പ്രിയദര്‍ശന്‍ പറയുന്നത്.
ഓഗസ്റ്റ് സിനിമാസ് പ്രഖ്യാപിച്ചിട്ടുള്ള മമ്മൂട്ടി ചിത്രം കുഞ്ഞാലി മരക്കാര്‍ 4ന്റെ ചിത്രീകരണം അടുത്ത വര്‍ഷം പകുതിയോടെ ആരംഭിക്കാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ