മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയന്റെ ഷൂട്ടിംഗ് നിലച്ചുപോയതിനു പിന്നില്‍ പ്രകാശ് രാജിന്റെ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്ന് റിപ്പോര്‍ട്ട്. മൂന്നു ഷെഡ്യൂളുകളായി ഒടിയന്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ വിഎ ശ്രീകുമാര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ തടി കുറച്ച് ചെറുപ്പം തോന്നിക്കുന്ന മേക്കോവറിലേക്ക് മോഹന്‍ലാല്‍ മാറുന്നതിന് അല്‍പ്പസമയം കൂടുതല്‍ വേണ്ടിവന്നു. രണ്ടാഴ്ചത്തെ വിശ്രമം കൂടി ഫ്രാന്‍സില്‍ നിന്നെത്തിയ വിദഗ്ധര്‍ നിര്‍ദേശിച്ചതോടെ ഒടിയന്‍ ഷൂട്ടിംഗ് നാലാമതൊരു ഷെഡ്യൂളിലേക്ക് ബാക്കി വെച്ചു. എന്നാല്‍ അപ്പോഴേക്കും ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രകാശ് രാജിന് ഡേറ്റ് നല്‍കാനാകാത്ത സ്ഥിതിയായി എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കന്നഡയില്‍ പ്രകാശ് രാജ് ചെയ്യുന്ന ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനൊപ്പം വന്നു. മോഹന്‍ലാല്‍ ഇതോടെ അജോയ് വര്‍മ ചിത്രത്തിലേക്ക് നീങ്ങി. ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിനു ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലായിരിക്കും ലാല്‍ ജോയിന്‍ ചെയ്യുക. മോഹന്‍ലാലിന്റെയും പ്രകാശ് രാജിന്റെയും ഡേറ്റുകള്‍ ഒത്തുവരുന്നതിന് അനുസരിച്ചായിരിക്കും ഇനി ഒടിയന്റെ ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കുക. പ്രകാശ് രാജ് കഥാപാത്രത്തിനും ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളുണ്ട്.
ഒടിയനില്‍ അസോസിയേറ്റ് ഡയറക്റ്ററായി പ്രമുഖ സംവിധായകന്‍ പത്മകുമാര്‍ പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ചും നേരത്തേ ഏറെ വാര്‍ത്തകള്‍ വന്നിരുന്നു.