തന്റെ താരമൂല്യത്തെ ബ്രാന്‍ഡ് മൂല്യം കൂടിയാക്കി വളര്‍ത്തിക്കൊണ്ടുവന്ന താരങ്ങളില്‍ ഇന്ന് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മോഹന്‍ലാലാണ്. തന്റെ സിനികള്‍ക്കൊപ്പവും അല്ലാതെയുമായി നിരവധി ബ്രാന്‍ഡുകള്‍ പ്രചരിപ്പിക്കുന്നതിലും അവയെ തന്റെ സിനിമാ വിപണിയുമായി കൂട്ടിയിണക്കുന്നതിലുമെല്ലാം പുതിയ മാതൃകകള്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നിലവില്‍ മലയാളത്തില്‍ ഏറ്റവുമധികം പ്രത്യക്ഷപ്പെടുന്ന മുന്‍നിര താരവും മോഹന്‍ലാലാണ്. പലപ്പോഴും പരസ്യങ്ങളുടെ പേരില്‍ വിവാദത്തിലും അകപ്പെട്ടിട്ടുണ്ട് താരം.
ഇപ്പോഴിതാ ആഗോള പ്രശസ്തമായ ഒരു ബ്രാന്‍ഡിന്റെ പ്രചാരണ ചുമതല ഏറ്റെടുത്തിരിക്കുകയാണ് താരം. വിദ്യാഭ്യാസ മേഖലയിലെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് താരം കരാറില്‍ എത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ട് പരസ്യ ചിത്രങ്ങളുടെ ഷൂട്ടിംഗ് ഉടന്‍ നടക്കും. മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്പനിയാണ് ബൈജൂസ് ലേണിംഗ് ആപ്പ്. ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് ആപ്ലിക്കേഷനായ ബൈജൂസ് നിരവധി വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളെ പഠനത്തിന് സഹായിക്കുന്നു.