നെറ്റ്ഫ്ളിക്സില്‍ മിന്നല്‍ തരംഗം, മല്ലു സൂപ്പര്‍ഹീറോയ്ക്ക് വന്‍ വരവേല്‍പ്പ്

നെറ്റ്ഫ്ളിക്സില്‍ മിന്നല്‍ തരംഗം, മല്ലു സൂപ്പര്‍ഹീറോയ്ക്ക് വന്‍ വരവേല്‍പ്പ്

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ തോമസ് സൂപ്പര്‍ഹീറോ വേഷത്തില്‍ എത്തുന്ന ‘മിന്നല്‍ മുരളി’ നെറ്റ്ഫ്ളിക്സിലൂടെ പ്രേക്ഷകരിലേക്കെത്തി. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് ലൈവ് ആയത്. ഇതുവരെ ഒരു ഇന്ത്യന്‍ ഉള്ളടക്കത്തിനും നലി‍കിയിട്ടില്ലാത്ത വിധം പ്രചാരണങ്ങള്‍ നല്‍കിയാണ് നെറ്റ്ഫ്ളിക്സ് മിന്നല്‍ മുരളിയെ അവതരിപ്പിച്ചിട്ടുള്ളത്. സ്ട്രീമിംഗ് മണിക്കൂറുകളില്‍ ചിത്രം വലിയ മുന്നേറ്റം പ്രകടമാക്കിയാല്‍ ഡിജിറ്റല്‍ ഉള്ളടക്ക വിപണിയില്‍ ആമസോണ്‍ പ്രൈമുമായുള്ള മത്സരം കൂടുതല്‍ ശക്തമാക്കാന്‍ നെറ്റ്ഫ്ളിക്സിന് സാധിക്കും.

മികച്ച പ്രതികരണങ്ങള്‍ ചിത്രത്തിന് ലഭിച്ചാല്‍ മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗമുണ്ടാകാനുള്ള സാധ്യതകളാണ് ഇപ്പോള്‍ മുന്നിലുള്ളത്. ബേസില്‍ തന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. വെബ് സീരീസ് ആയി രണ്ടാം ഭാഗം അവതരിപ്പിക്കുന്നതിനും ആലോചനയുണ്ടെന്നാണ് വിവരം. ചിത്രത്തിന്‍റെ പ്രിവ്യൂ ഷോ നേരത്തെ മുംബൈ ചലച്ചിത്രോല്‍സവത്തില്‍ നടന്നിരുന്നു. വളരേ മികച്ച അഭിപ്രായങ്ങളാണ് അതിനു ശേഷം പുറത്തുവന്നത്.
2019 ഡിസംബർ 23ന് തുടങ്ങിയ ഷൂട്ടിംഗ് പലവിധ തടസങ്ങള്‍ മറികടന്നാണ് ഈ വര്‍ഷം ആദ്യം പൂര്‍ത്തിയാക്കിയത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ കൂടി പുറത്തിറക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കിയിട്ടുള്ളത്. ഹോളിവുഡ് ഫൈറ്റ് മാസ്റ്റര്‍ വ്‌ലാദ് റിംബര്‍ഗ് ആണ് സംഘടനം ഒരുക്കിയത്. ബാഹുബലി 2, സുല്‍ത്താന്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുള്ള വ്‌ലാദിന്റെ ആദ്യ മലയാള ചിത്രമാണ് മിന്നല്‍ മുരളി.

വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിച്ച ചിത്രത്തിന് കേരളത്തിനു പുറത്തും വിവിധ ലൊക്കേഷനുകളില്‍ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു സന്തോഷ്, ഹരിശീ അശോകന്‍, പി.ബാലചന്ദ്രന്‍, ജൂഡ് ആന്‍റണി, ഫെമിനാ ജോര്‍ജ്, ഷെല്ലി കിഷോര്‍, സ്‌നേഹാ ബാബു, മാസ്റ്റര്‍ വസീത് എന്നിവര്‍ ചിത്രത്തിലുണ്ട്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.
സംഗീതം ഷാന്‍ റഹ്മാന്‍. ഗാനങ്ങള്‍- മനു മഞ്ജിത്ത്. സമീര്‍ താഹിറാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് – ലിവിംഗ് സ്റ്റണ്‍ മാത്യു.

Basil Joseph’s Tovino Thomas starrer Minnal Murali is now live for streaming via Netflix.

Film scan Latest