പ്രിയദര്‍ശന്റെ സംവിധാനത്തില്‍ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥ പറയുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് 2020ല്‍ മാത്രം. അടുത്തിടെ ഒരു അഭിമുഖത്തിലാണ് മാര്‍ച്ചില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാലും 2019ല്‍ ചിത്രം തിയറ്ററുകളിലെത്തിലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയത്. വന്‍തോതിലുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആവശ്യമായ ചിത്രമാണിതെന്നും ഇവയേറെയും വിദേശത്താണ് ചെയ്യുകയെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി. അതിനാലാണ് റിലീസ് വൈകുന്നത്. ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഇളയരാജ, എംജി ശ്രീകുമാര്‍, പ്രേമം ഫെയിം രാജേഷ് മുരുകേശന്‍ എന്നിവര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിടും.
മഞ്ജുവാര്യര്‍ നായികാ വേഷത്തിലെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. പ്രണവിന്റെ നായികയായി കല്യാണി പ്രിയദര്‍ശനെയും നിശ്ചയിച്ചിട്ടുണ്ട്. കല്യാണി ആദ്യമായി അച്ഛന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നു എന്നതും മലയാളത്തില്‍ അരങ്ങേറുന്നു എന്നതും ചിത്രത്തിന്റെ സവിശേഷതയാകും. കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലുണ്ട്.
തമിഴിലെ ആക്ഷന്‍ കിംഗ് അര്‍ജുന്‍, ബോളിവുഡ് താരം സുനില്‍ ഷെട്ടി, തമിഴ് താരം പ്രഭു എന്നിവര്‍ പ്രധാന വേഷങ്ങളിലുണ്ട്. ഡിസംബര്‍ 1ന് ഹൈദരാബാദില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
സാമൂതിരിയുടെ പടത്തലവന്‍മാരായി ചരിത്രത്തില്‍ നാലു കുഞ്ഞാലി മരക്കാര്‍മാരാണുള്ളത്. ഇതില്‍ ആദ്യത്തെ കുഞ്ഞാലി മരക്കാറായ കുട്ട്യാലി മരക്കാറുടെ വേഷത്തില്‍ മധു എത്തും. കോണ്‍ഫിഡന്റ് ഗ്രൂപ്പും ആശിര്‍വാദ് സിനിമാസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ചൈന, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളിലെ തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളും ഭാഗമാകും. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. 100 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കുന്നതെന്നും കൃത്യമായ ബജറ്റ് ഇപ്പോള്‍ പറയാനാകില്ലെന്നുമാണ് പ്രിയദര്‍ശന്‍ പറയുന്നത്.