67-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ആണ്. ഹെലന്‍ എന്ന ചിത്രത്തിലൂടെ മാത്തുക്കുട്ടി സേവ്യര്‍ മികച്ച നവാഗത സംവിധായകനായി. ഇവയുള്‍പ്പടെ 11 പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. ധനുഷും (അസുരന്‍) മനോജ് വാജ്‌പെയിയും (ഭോസ്‌ലെ) മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടപ്പോള്‍ കങ്കണ റണൗത്ത് (ദി ക്വീന്‍ ഓഫ് ഝാന്‍സി, പങ്ക) മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
സജിന്‍ ബാബു സംവിധാനം ചെയ്ത മലയാള ചിത്രം ബിരിയാണി പ്രത്യേക പരാമര്‍ശം സ്വന്തമാക്കി. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ടിലെ ഛായാഗ്രഹണത്തിന് ഗിരീഷ് ഗംഗാധരന്‍ പുരസ്‌കാരം സ്വന്തമാക്കി. മികച്ച മലയാളം ചിത്രം രാഹുല്‍ രജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം ആണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി ഗ്രാഫിക്‌സ് ഒരുക്കിയ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനാണ് മികച്ച സ്പെഷല്‍ എഫക്റ്റ്‌സിനുള്ള പുരസ്‌കാരം. കോളാമ്പി എന്ന ചിത്രത്തിലൂടെ പ്രഭാ വര്‍മ മികച്ച ഗാനരചയിതാവായി.
ശബ്ദസംവിധാനം- റസൂല്‍ പൂക്കുട്ടി, വസ്ത്രാലങ്കാരം- സുജിത് സുധാകരന്‍, വി സായ് എന്നീ പുരസ്‌കാരങ്ങളും മരക്കാര്‍ അറബിക്കടലിന്റെ സിംഹം സ്വന്തമാക്കിയിട്ടുണ്ട്. അസുരനാണ് മികച്ച തമിഴ് ചിത്രം.
67th national film awards announced. Priyadarshan directorial Marakkar Arabikkadalinte Simham bagged the award for best film.