എംകെ ഈസ് ബാക്ക്, മണിക്കുട്ടന്‍ ബിഗ് ബോസില്‍ തിരിച്ചെത്തി

എംകെ ഈസ് ബാക്ക്, മണിക്കുട്ടന്‍ ബിഗ് ബോസില്‍ തിരിച്ചെത്തി

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് മണിക്കുട്ടന്‍ തിരിച്ചെത്തി. ഏറ്റവുമധികം പ്രേക്ഷക പിന്തുണയുള്ള മല്‍സരാര്‍ത്ഥിയായ മണിക്കുട്ടന്‍ ഈയാഴ്ച തുടക്കത്തിലാണ് സ്വയം മല്‍സരത്തില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചത്. കഴിഞ്ഞയാഴ്ചത്തെ നാട്ടുക്കൂട്ടം ടാസ്കിനിടയില്‍ ഉണ്ടായ സംഭവവികാസങ്ങളും തുടര്‍ന്നുള്ള വീക്കെന്‍ഡ് എപ്പിസോഡുകളില്‍ ഉണ്ടായ ചില സംഭവങ്ങളും കാലിലെ വേദനയുമാണ് മണിക്കുട്ടനെ ഷോയില്‍ നിന്ന് പുറത്തുപോകാന്‍ പ്രേരിപ്പിച്ചത്.

നര്‍ത്തകിയായ സന്ധ്യാ മനോജിനെ നാട്ടുകൂട്ടം ടാസ്കിന്‍റെ ഭാഗമായി ‘നിങ്ങളൊരു കലാകാരിയാണോ, കലയ്ക്ക് മൂല്യം കല്‍പ്പിക്കുന്നുണ്ടോ?’എന്ന നിലയില്‍ മണിക്കുട്ടന്‍ പ്രകോപിപ്പിക്കുന്നതിന് ചോദിച്ചിരുന്നു. ഗെയ്മില്‍ നിന്ന് പുറത്തായ ഫിറോസ്-സജ്നയ്ക്കൊപ്പം കിച്ചണ്‍ ഡ്യൂട്ടിയിലിരിക്കെ ജോലി ചെയ്യുന്നില്ല എന്ന ആക്ഷേപം വരാതിരിക്കാന്‍ തനിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും സന്ധ്യ മീന്‍ വൃത്തിയാക്കിയിരുന്നു. തന്‍റെ വിശ്വാസത്തിനും മൂല്യത്തിനും എതിരാണെന്ന നിലയില്‍ അതിന്‍റെ പേരില്‍ കരയുകയും ചെയ്യിരുന്നു. ആരും ആവശ്യപ്പെടാതെയാണ് സന്ധ്യ മീന്‍ വെട്ടിയതെന്നും അതിനു മുന്നിലിരുന്ന് കരയുന്നത് മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരേ വേദനിപ്പിക്കുന്നതാണ് എന്നുമായിരുന്നു മണിക്കുട്ടന്‍റെ വാദം.

എന്നാല്‍ വാരാന്ത്യ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാലിനോട് ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ മണിക്കുട്ടന് ആയിരുന്നില്ല. പരിഭ്രമത്തില്‍ ആദ്യ വാചകം പറഞ്ഞു തുടങ്ങിയ മണിക്കുട്ടനോട് ‘ക്ലിയറാകുന്നില്ല’ എന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. പിന്നീട് അത് വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ല. പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നതായി കൈകൂപ്പിക്കൊണ്ട് മണിക്കുട്ടന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെടാതിരുന്ന മോഹന്‍ലാല്‍ കലാകാരന്‍ എന്ന നിലയില്‍ താന്‍ മാപ്പുചോദിക്കുന്നതായി സന്ധ്യയോട് പറഞ്ഞു.

സംസാരത്തിനിടെ സന്ധ്യയെ പേരുമാറി സജ്ന എന്നു പറഞ്ഞപ്പോഴുള്ള മോഹന്‍ലാലിന്‍റെ പ്രതികരണവും മണിക്കുട്ടനെ വേദനിപ്പിച്ചു. മനോനില തെറ്റിയിരിക്കുകയാണെന്ന് തോന്നുന്നു എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. പിന്നീട് വാരാന്ത്യ എപ്പിസോഡില്‍ ഉടനീളം വിഷമത്തോടെയും അസ്വസ്ഥതയോടെയും ഇരിക്കുന്ന മണിക്കുട്ടനെയാണ് കണ്ടത്. താന്‍ മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞതല്ലെന്നും അക്കാര്യം മറന്ന് ഉന്മേഷത്തോടെ ഇരിക്കൂവെന്നും പിന്നീട് മോഹന്‍ലാല്‍ ആവശ്യപ്പെട്ടെങ്കിലും മാറിനിന്ന് കരയുന്ന മണിക്കുട്ടനെ ക്യാമറയില്‍ കാണാമായിരുന്നു.

ഇതിന്‍റെ അടുത്ത ദിവസമാണ് നിരന്തരമായി ആവശ്യപ്പെട്ടും രാവിലത്തെ ഭക്ഷണം ഒഴിവാക്കിയും മണിക്കൂട്ടന്‍ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ടത്. ഒടുവില്‍ കണ്‍ഫെഷന്‍ റൂമിലെത്തിയപ്പോള്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി വിശദീകരിച്ച മണിക്കുട്ടന്‍ കലാകാരന്‍ എന്ന നിലയ്ക്ക് ഉയര്‍ന്നുവന്ന വിഷയങ്ങളും നാട്ടുകൂട്ടം ടാസ്കിനിടെ തനിക്കു നേരേ ചെരുപ്പേറ് വന്നതും അതിനെ സഹമല്‍സരാര്‍ത്ഥികളില്‍ പലരും ന്യായീകരിച്ചതുമെല്ലാം ചൂണ്ടിക്കാട്ടി. ഏറെ നേരത്തേ സംസാരത്തിനു ശേഷമാണ് മണിക്കുട്ടനെ ബിഗ്ബോസ് ഹൌസിന്‍റെ പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, ബിബി ഹൌസ് സ്ഥിതി ചെയ്യുന്ന സ്റ്റുഡിയോയില്‍ തന്നെയായിരുന്നു താരം മൂന്ന് ദിവസം കഴിഞ്ഞത്. ബിഗ് ബോസ് ടീം താരത്തോട് വിശദമായി സംസാരിക്കുകയും ടീമിലെ കൌണ്‍സിലര്‍മാര്‍ വെല്ലുവിളികളെ അതിജീവിച്ച് മല്‍സരത്തില്‍ തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്ക് ആവശ്യമായ ചികിത്സയും നല്‍കി.

ഇന്നത്തെ എപ്പിസോഡില്‍ മണിക്കുട്ടന്‍റെ വരവുണ്ടാകും എന്ന് വ്യക്തമാക്കുന്ന പ്രൊമോ പുറത്തിറങ്ങി. എന്നാല്‍ മണിക്കുട്ടന്‍റെ തിരിച്ചുവരവിന് ഏറ്റവുമധികം ആഗ്രഹിച്ച ഹൌസ്മേറ്റ് ഡിംപല്‍ പിതാവിന്‍റെ മരണത്തെ തുടര്‍ന്ന് ഹൌസില്‍ നിന്ന് പോകുന്നതും ഇന്നത്തെ എപ്പിസോഡില്‍ ഉണ്ടാകും.

Manikkuttan comes back to Bigg Boss Malayalam Season 3. Earlier in this week he was decided to quit the house.

Latest Starbytes