മമ്മൂട്ടി ചിത്രം റോഷാക്ക് തിയറ്റര്‍ പ്രദര്‍ശനത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. നിസ്സാം ബഷീർ സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ ഇന്നുവരെ വരാത്ത രീതിയിലുള്ള അവതരണ രീതിയും ശൈലിയും ഉള്ള പ്രതികാര കഥയാണ്. കാര്യമായ പ്രൊമേഷനുകളില്ലാതെ പെട്ടെന്ന് റിലീസ് പ്രഖ്യാപിച്ച് തിയറ്ററുകളിലെത്തിയ പരീക്ഷണ ചിത്രം എന്ന നിലയില്‍ വളരേ മികച്ച പ്രകടനമാണ് റോഷാക്ക് ബോക്സ് ഓഫിസില്‍ കാഴ്ചവെച്ചത്. ചിത്രം കേരളത്തില്‍ നിന്ന് 20 കോടി രൂപയ്ക്കടുത്ത് ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ആഗോള ഗ്രോസ് കളക്ഷന്‍ 40 കോടിക്ക് അടുത്ത് എത്തിയിട്ടുണ്ട്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ 6 കോടിക്കടുത്ത് ചെലവിട്ട് നിര്‍മിച്ച ചിത്രം ബിസിനസില്‍ ഉള്‍പ്പെട്ട എല്ലാവര്ക്കും ലാഭം നല്കുന്ന തരത്തിലേക്ക് എത്തി. കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രോജെക്ട് ഡിസൈനർ :ബാദുഷ, ചിത്രസംയോജനം :കിരൺ ദാസ്, സംഗീതം :മിഥുൻ മുകുന്ദൻ, കലാസംവിധാനം :ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചമയം : റോണക്സ് സേവ്യർ & എസ്സ് ജോർജ്, വസ്ത്രാലങ്കാരം:സമീറ സനീഷ് , പി ആർ ഓ : പ്രതീഷ് ശേഖർ എന്നിവരാണ് അണിയറ പ്രവർത്തകർ.