മമ്മൂട്ടി ആരാധകര്‍ ആഘോഷമാക്കാന്‍ പോകുന്ന മാസമാണ് ഫെബ്രുവരി. രണ്ട് മറുഭാഷ ചിത്രങ്ങളിലാണ് നായക താരമായി മമ്മൂട്ടി എത്തുന്നത്. ഫെബ്രുവരി 8ന് തെലുങ്ക് ചിത്രം യാത്ര റിലീസ് ചെയ്യുമ്പോല്‍ പേരന്‍പ് ഫെബ്രുവരി അവസാനത്തിലെത്തുമെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഫെബ്രുവരി 1ന് ചിത്രം തിയറ്ററുകളില്‍ എത്തുകയാണ്. തിയറ്റര്‍ ചാര്‍ട്ടിംഗ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ റാം ഒരുക്കിയ പേരന്‍പ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിലേറേയായെങ്കിലും വിവിധ ചലച്ചിത്രോല്‍സവങ്ങളിലെ പ്രദര്‍ശനത്തിനു ശേഷമാണ് റിലീസിന് തയാറെടുക്കുന്നത്. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം 2 മണിക്കൂര്‍ 27 മിനുറ്റ് ദൈര്‍ഘ്യമുള്ളതാണ്. അഞ്ജലി അമീര്‍, സാധന, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലെ മസ്റ്റ് വാച്ച് പട്ടികയില്‍ ഇടം നേടിയ ചിത്രത്തിന് ഷാങ്ഹായ് ഫെസ്റ്റിവലിലും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഗോവ ഐഎഫ്എഫ്‌ഐയില്‍ വന്‍ പ്രേക്ഷക തിരക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് അനുഭവപ്പെട്ടത്. അമുദന്‍ എന്ന ടാക്‌സി ഡ്രൈവറുടെ കഥാപാത്രത്തെ മമ്മൂട്ടിയെ ഏല്‍പ്പിക്കുന്നതിന് വര്‍ഷങ്ങളോളമാണ് റാം കാത്തുനിന്നത് എന്നതിലൂടെയും ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചൈന ഉള്‍പ്പടെ നിരവധി വിദേശ വിപണികളില്‍ ചിത്രം എത്തിക്കാനാണ് ശ്രമം.