മമ്മൂട്ടിയുടെ ‘വണ്‍’, ബാക്കി ഷൂട്ടിംഗ് ജനുവരി അവസാനം

മമ്മൂട്ടിയുടെ ‘വണ്‍’, ബാക്കി ഷൂട്ടിംഗ് ജനുവരി അവസാനം

ബോബി-സഞ്ജയ് തിരക്കഥ എഴുതി സന്തോഷ് വിശ്വനാഥന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി എത്തുന്ന വണ്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജനുവരി അവസാനം പുനരാരംഭിക്കും. 2 ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ചിത്രത്തിന് ബാക്കിയുള്ളത്. ആള്‍ക്കൂട്ടം ഉള്‍പ്പെടുന്ന രംഗങ്ങള്‍ ആയതിനാല്‍ ഇതിന്‍റെ ഷൂട്ടിംഗ് മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ റിലീസ് ചെയ്യാന്‍ ലക്ഷ്യമിട്ടിരുന്ന ചിത്രമാണിത്. ഇപ്പോള്‍ മമ്മൂട്ടി വണ്ണിലെ ലുക്കില്‍ നിന്ന് വ്യത്യസ്തമായി നീട്ടി വളര്‍ത്തിയ മുടിയും താടിയും ഉള്ള ലുക്കിലാണ് ഉള്ളത്. അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ ഉടന്‍ തുടങ്ങുന്ന ചിത്രത്തിനായിട്ടാണ് ഇത്. എന്നാല്‍ ഇത് വണ്ണിന്‍റെ ബാക്കി രംഗങ്ങളെ ബാധിക്കാത്ത തരത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് സംവിധാകയനില്‍ നിന്ന് ലഭിക്കുന്ന വിവരം.

പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന നിലയില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.
നിമിഷ സജയനും മാത്യു തോമസും പ്രധാന വേഷങ്ങളില്‍ എത്തുന്നു. നടന്‍ കൃഷ്ണകുമാറിന്‍റെ മകളും നടി അഹാന കൃഷ്ണകുമാറിന്‍റെ അനിയത്തിയും ആയ ഇഷാനി കൃഷ്ണകുമാര്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്ഫ്ളിക്സിന് കൈമാറിയിട്ടുണ്ട്. തിയറ്റര്‍ റിലീസിനു ശേഷം മാത്രമായിരിക്കും ഡിജിറ്റല്‍ റിലീസ്.

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് വണ്ണിന്‍റെ തിരക്കഥ തയാറായത്. എന്നാല്‍ കഥാപാത്രങ്ങളും കഥയും സാങ്കല്‍പ്പികമാണ്. ആര്‍. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. സംഗീതം ഗോപി സുന്ദറും എഡിറ്റിംഗ് നിഷാദും നിര്‍വഹിക്കുന്നു.

രഞ്ജി പണിക്കര്‍, ബാലചന്ദ്രമേനോന്‍, ജോജു ജോര്‍ജ്, സലിംകുമാര്‍, മുരളി ഗോപി, മാമുക്കോയ സുരേഷ് കൃഷ്ണ, സുദേവ് നായര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സാധാരണക്കാരനായ ഒരു യുവാവും മുഖ്യമന്ത്രിയും തമ്മിലുള്ള സംഭാഷണങ്ങളും ചിത്രത്തിലെ പ്രധാന ഘടകമാണ്. തിരുവനന്തപുരമാണ് പ്രധാന ലൊക്കേഷന്‍. എറണാകുളത്തും ഷൂട്ടിംഗ് നടന്നു. വിഷയത്തിന്റെ ഗൗരവം പോകാതെ തന്നെ നര്‍മ സ്വഭാവത്തിലാണ് കഥ പറയുക.

Remaining portions for Mammootty’s ‘One’ will be filmed on January end. Santhosh Viswanath is helming the movie. Script by Bobby-Sanjay.

Latest Upcoming