ബോബി-സഞ്ജയ് തിരക്കഥ എഴുതി സന്തോഷ് വിശ്വനാഥന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി എത്തുന്ന ‘വണ്‍’ മാര്‍ച്ച് 25ന് തിയറ്ററുകളില്‍ എത്തിക്കുന്നത് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. നേരത്തേ ഏപ്രില്‍ റിലീസാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു കൂടി കണക്കിലെടുത്താണ് രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രം അതിനു മുന്‍പായി തിയറ്ററുകളില്‍ എത്തിക്കുന്നത്. മമ്മൂട്ടി ചിത്രം പ്രീസ്റ്റ് മാറ്റിവെച്ചതും ഇതിന് വഴിയൊരുക്കി. സെക്കന്‍റ് ഷോ ഇല്ലാത്ത സാഹചര്യത്തില്‍ മറ്റ് ചിത്രങ്ങള്‍ മാറ്റിവെച്ചതിനാല്‍ പരമാവധി തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനും നിശ്ചിത സമയത്തില്‍ തന്നെ 4 ഷോകള്‍ ഒരു സ്ക്രീനില്‍ നടത്തുന്നതിനുമുള്ള സാധ്യതകളാണ് വണ്ണിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പരിശോധിക്കുന്നത്.
ചിത്രത്തിന്‍റെ തമിഴ് മൊഴിമാറ്റ പതിപ്പും പുറത്തിറങ്ങുന്നുണ്ട്. തമിഴ് സംവിധായകന്‍ റാമിന്‍റെ സഹായത്തോടെയാണ് ഡബ്ബിംഗ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ റിലീസ് ചെയ്യാന്‍ ലക്ഷ്യമിട്ടിരുന്ന ചിത്രം കൊറോണ മൂലം നീട്ടിവെക്കുകയായിരുന്നു. രണ്ടു ദിവസത്തെ പാച്ചപ്പ് ഷൂട്ടിംഗ് ഈ ജനുവരിയിലും നടന്നിരുന്നു. നിമിഷ സജയനും മാത്യു തോമസും പ്രധാന വേഷങ്ങളില്‍ എത്തുന്നു. നടന്‍ കൃഷ്ണകുമാറിന്‍റെ മകളും നടി അഹാന കൃഷ്ണകുമാറിന്‍റെ അനിയത്തിയും ആയ ഇഷാനി കൃഷ്ണകുമാര്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്ഫ്ളിക്സിന് കൈമാറിയിട്ടുണ്ട്. തിയറ്റര്‍ റിലീസിനു ശേഷം മാത്രമായിരിക്കും ഡിജിറ്റല്‍ റിലീസ്.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് വണ്ണിന്‍റെ തിരക്കഥ തയാറായത്. എന്നാല്‍ കഥാപാത്രങ്ങളും കഥയും സാങ്കല്‍പ്പികമാണ്. ആര്‍. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. സംഗീതം ഗോപി സുന്ദറും എഡിറ്റിംഗ് നിഷാദും നിര്‍വഹിക്കുന്നു.
രഞ്ജി പണിക്കര്‍, ബാലചന്ദ്രമേനോന്‍, ജോജു ജോര്‍ജ്, സലിംകുമാര്‍, മുരളി ഗോപി, മാമുക്കോയ സുരേഷ് കൃഷ്ണ, സുദേവ് നായര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സാധാരണക്കാരനായ ഒരു യുവാവും മുഖ്യമന്ത്രിയും തമ്മിലുള്ള സംഭാഷണങ്ങളും ചിത്രത്തിലെ പ്രധാന ഘടകമാണ്. തിരുവനന്തപുരമാണ് പ്രധാന ലൊക്കേഷന്‍. എറണാകുളത്തും ഷൂട്ടിംഗ് നടന്നു. വിഷയത്തിന്റെ ഗൗരവം പോകാതെ തന്നെ നര്‍മ സ്വഭാവത്തിലാണ് കഥ പറയുക.
Mammootty’s ‘One’ gearing for a release on March 25. Santhosh Viswanath is helming the movie. Script by Bobby-Sanjay. Tamil dubbing is headed by director Ram.