2017 കേരളപ്പിറവി ദിനത്തില്‍ മമ്മൂട്ടി ആരാധകരെ ഏറെ ആവേശത്തിലാക്കി കൊണ്ടാണ് ഓഗസ്റ്റ് സിനിമാസ് തങ്ങളുടെ മെഗാ സിനിമ കുഞ്ഞാലിമരയ്ക്കാന്‍ 4 പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പ്രൊജക്റ്റ് പിന്നീട് പല അനിശ്ചിതത്വങ്ങളിലേക്കും വിവാദങ്ങളിലേക്കും നീളുകയായിരുന്നു. പ്രഖ്യാപനത്തിനു മുമ്പ് തന്നെ ഓഗസ്റ്റ് സിനിമാസ് ഇത്തരമൊരു ചിത്രത്തിന് ഒരുങ്ങുന്നതിനായി വാര്‍ത്തകളില്‍ വന്നിരുന്നു. അതിനിടെ സംവിധായകന്‍ പ്രിയദര്‍ശനും ഇത്തരമൊരു ചിത്രത്തെ കുറിച്ച് ആലോചിക്കുന്നതായി പ്രഖ്യാപിച്ചു. പിന്നീട് മമ്മൂട്ടി ചിത്രം ഉടന്‍ ആരംഭിക്കുകയാണെങ്കില്‍ താന്‍ പിന്‍മാറുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ ആരംഭിക്കാന്‍ ഓഗസ്റ്റ് സിനിമാസിനായില്ല. പ്രിയദര്‍ശനും അടുത്തിടെ മോഹന്‍ലാലും മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ ഉണ്ടാകില്ലെന്ന തരത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ നായകനാകുന്ന പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ ഈവർഷം തന്നെ ഷൂട്ടിംഗ് തുടങ്ങുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഓഗസ്റ്റ് സിനിമാസിന്‍റെ ഷാജി നടേശൻ.
സാമൂതിരിയുടെ പടത്തലവന്‍മാരുടെ പരമ്ബരയിലെ നാലാമത്തെ കുഞ്ഞാലി മരക്കാരുടെ കഥയാണ് സന്തോഷ് ശിവന്റെ സംവിധാനത്തില്‍ സിനിമയാകുന്നത്. എന്നാല്‍ സന്തോഷ് ശിവന്റെ തിരക്കുകള്‍ കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടു പോകുകയായിരുന്നു എന്നും ചിത്രം ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നും ഷാജി നടേശൻ വ്യക്തമാക്കുന്നു. 2014 മുതൽ ഓഗസ്റ്റ് സിനിമാസ് കുഞ്ഞാലിമരക്കാർ യാഥാർത്ഥ്യമാക്കുന്നതിനുള്ള ആലോചനകൾ തുടങ്ങിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിപി രാജീവനും ശങ്കര്‍ മഹാദേവനും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ പ്രീ പ്രോഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രിയദർശൻ ടി പി രാജീവനെ തിരക്കഥയ്ക്കായി സമീപിച്ചിരുന്നുവെന്നും എന്നാൽ ഓഗസ്റ്റ് സിനിമാസിനോടുള്ള ധാരണയുടെ അടിസ്ഥാനത്തിൽ അദ്ദേഹം അത് നൽകാൻ തയ്യാറായില്ലെന്നും ഷാജി നടേശൻ വെളിപ്പെടുത്തി. പൂർണമായും ചരിത്രവസ്തുതകളെ ആസ്പദമാക്കിയായിരിക്കും തങ്ങളുടെ കുഞ്ഞാലി മരയ്ക്കാർ എന്നും ഷാജി നടേശൻ പറയുന്നു.