നടന അഭിനിവേശത്തിന്‍റെ 50 മമ്മൂട്ടി വര്‍ഷങ്ങള്‍

Mammootty completes 50 years in cinema
Mammootty completes 50 years in cinema

സന്ദീപ് പി.എസ്

ഒരു സിനിമാക്കഥയോളം ആവേശകരവും അഭിമാനകരവുമായ താരജീവിതത്തിന് ഇന്ന് 50 ആണ്ട്. ഒരു മിനിറ്റില്‍ താഴെയുള്ള, ആള്‍ക്കൂട്ടത്തിനൊപ്പം ഓടി വന്ന രംഗത്തിലെ 20കാരനില്‍ നിന്ന് 6-7 ഭാഷകളിലെ പ്രേക്ഷകരിലേക്ക് എത്തിച്ചേര്‍ന്ന, രാജ്യാന്തര ചലച്ചിത്ര പ്രേക്ഷകര്‍ പ്രശംസകള്‍ ചൊരിഞ്ഞ, ആരാധക സഹസ്രങ്ങള്‍ സ്‌നേഹപൂര്‍പം മെഗാസ്റ്റാര്‍ മമ്മൂക്ക എന്നു വിളിക്കുന്ന വിസ്മയത്തിലേക്കുള്ള യാത്ര.

സത്യന്‍മാഷുടെ കാല്‍തൊട്ട് വന്ദിച്ച് ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ച ഒറ്റ രംഗത്തില്‍ നിന്ന് പേരുള്ള ഒരു കഥാപാത്രത്തിലേക്ക് എത്താന്‍ ഏതാണ്ട് ഒരു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പും പ്രയത്‌നവും വേണ്ടി വന്നു അദ്ദേഹത്തിന്. ഇതിനിടെ കാലചക്രം എന്ന ചിത്രത്തില്‍ ആദ്യ സംഭാഷണം പറയാനായി. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തിനു ശേഷം പിന്നീട് ബലൂണ്‍, മേള തുടങ്ങിയ ചിത്രങ്ങളില്‍ സഹനടനായി. യവനികയിലൂടെ ഉപനായകന്‍. പിന്നീട് അതിവേഗം മലയാള സിനിമാ ലോകത്തെ ഏറ്റവും താരമൂല്യമുള്ള താരമായി വളര്‍ന്നു.

Mammootty

Mammootty


ഒരു വര്‍ഷത്തില്‍ നായകനായി തന്നെ 10-20 ചിത്രങ്ങള്‍ അഭിനയിച്ചുകൊണ്ടുള്ള യാത്രയ്ക്ക് താല്‍ക്കാലികമായി ഉണ്ടായ തിരിച്ചടിയായി 86-87 വര്‍ഷങ്ങളിലെ ചില പരാജയങ്ങള്‍. പക്ഷേ, പിന്നീട് കണ്ടത് മലയാളം എക്കാലവും ആവേശത്തോടെ ഓര്‍ക്കുന്ന തിരിച്ചുവരവ്. ന്യൂഡെല്‍ഹിയിലൂടെ തുടങ്ങിയ ഹിറ്റുകളുടെ പരമ്പരയിലൂടെ തന്‍റെ മാത്രമല്ല, തന്‍റെ കാലത്തെ മലയാള സിനിമയുടെ കൂടി അതിരുകള്‍ മാറ്റിയെഴുതുകയായിരുന്നു മെഗാസ്റ്റാര്‍.

ന്യൂഡെല്‍ഹി, സിബിഐ ഡയറിക്കുറുപ്പ്, സാമ്രാജ്യം, ഇന്‍സ്‌പെക്റ്റര്‍ ബല്‍റാം തുടങ്ങിയ ചിത്രങ്ങള്‍ തമിഴകത്തും തെലുങ്കുനാട്ടിലുമെല്ലാം കൈയടി നേടിയതിനൊപ്പം മമ്മൂട്ടിയിലെ നടനെയും താരത്തെയും അവിടെയുള്ള ചിത്രങ്ങള്‍ക്കും ആവശ്യമായി തുടങ്ങി. വടക്കന്‍ വീരഗാഥയിലൂടെ ആദ്യ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ മമ്മൂട്ടി തന്റെ താരജീവിതത്തിനായി ഒരിക്കലും തന്നിലെ നടനെ ബലികഴിക്കാന്‍ നിന്നില്ല.

RajniKanth-Mammootty


അഴകനിലൂടെ തമിഴില്‍ അരങ്ങേറിയ അദ്ദേഹം, 90കളില്‍ മലയാളത്തിനൊപ്പം തമിഴിലെയും മുന്‍നിര നായകനായി. തെലുങ്കിലും ഹിറ്റുകളൊരുക്കി, ഹിന്ദിയിലും അരങ്ങേറി. മൂന്നാമത്തെ ദേശീയ പുരസ്‌കാരം മമ്മൂട്ടിയെ തേടിയെത്തുന്നത് മറാത്തിയിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഒരുക്കിയ ബാബാ സാഹേബ് അംബേദ്ക്കറിലൂടെയായിരുന്നു. കാലമെത്ര കഴിഞ്ഞാലും ഇടിമുഴക്കം പോലെ മമ്മൂട്ടിയെന്ന താരത്തെയും നടനെയും അതിഗര്‍വോടെ അടയാളപ്പെടുത്തുന്ന രജതരേഖയാണ് അംബേദ്ക്കറിലെ അത്യുജ്ജ്വല പ്രകടനം.

തിയറ്ററുകളിലെ ആരവങ്ങള്‍ക്കൊപ്പം ചലച്ചിത്ര മേളകളിലെയും ഗൗരവമായി സിനിമയെ സമീപിക്കുന്ന നിരൂപകര്‍ക്കിടയിലെയും നല്ലവാക്കുകളും മമ്മൂട്ടിയെ അടയാളപ്പെടുത്തി. കഥാപാത്രങ്ങള്‍ക്കായുള്ള, കഥാപാത്ര വൈവിധ്യങ്ങള്‍ക്കായുള്ള അടങ്ങാത്ത ത്വരയാണ് 70-ാം വയസിലേക്ക് എത്തുമ്പോഴും 5 സിനിമകളില്‍ വരെ ഒരു വര്‍ഷം അഭിനയിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. മമ്മൂട്ടി എന്നാല്‍ സൂക്ഷ്മതയാണ്, കഥാപാത്രങ്ങളെ അവരുടെ സവിശേഷതകളോടെ ഒരുക്കിയെടുത്ത് സൂക്ഷ്മഭാവങ്ങളില്‍ ഉറപ്പിച്ച് പകര്‍ന്നാടുന്ന മാന്ത്രികത. അതിനാലാണ് ദേഷ്യവും സങ്കടവും രസികത്വവും ജാള്യതയുമെല്ലാം വരുമ്പോഴും പ്രാഞ്ചിയേട്ടനും രാജമാണിക്യവും അവരായി തന്നെ നില്‍ക്കുന്നത്, മമ്മൂട്ടി ആകാത്തത്.

Mammootty- Mohanlal- Barozz pooja function

Mammootty- Mohanlal- Barozz pooja function


സിനിമയില്‍ നിലനില്‍ക്കാനും വളരാനും അഭിനയം എന്ന കലയെ ഉപാസിക്കാനും താനെടുത്ത പ്രയത്‌നത്തോടുള്ള മതിപ്പ് എന്നും അദ്ദേഹം സ്വയം സൂക്ഷിച്ചു. താനെ പ്രയത്‌നിച്ചു നേടിയതില്‍ നിന്നു കൊണ്ട് താരം എന്ന നിലയിലുള്ള ലാളിത്യ പ്രകടനങ്ങള്‍ക്ക് വഴക്കം പോരായിരുന്നു അദ്ദേഹത്തിന്. എങ്കിലും സിനിമയില്‍ പ്രയത്‌നിച്ച് വളര്‍ന്നു വരാന്‍ ഒട്ടേറേ പ്രതിഭകള്‍ക്ക് മെഗാസ്റ്റാര്‍ കൈകൊടുത്തു. ആ കൈപിടിച്ച് സംവിധാനത്തിലേക്കും അഭിനയത്തിലേക്കും എത്തിയ നിരവധി പേര്‍ ഇന്ന് മലയാള സിനിമാ ലോകത്ത് നിറഞ്ഞുനില്‍ക്കുന്നു.
Mammootty with Mariam

Mammootty with Mariam


വലുപ്പചെറുപ്പങ്ങളില്ലാതെ സിനിമാ ലോകത്തെ ആര്‍ക്കും തന്‍റെ കരങ്ങള്‍ പ്രാപ്യമാക്കിയ, അവരുടെ സന്തോഷങ്ങളും വിശേഷങ്ങളും അറിയുന്ന താരം പതിറ്റാണ്ടുകളായി തുടരുന്ന സമഗ്രമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ വികസനത്തില്‍ ഊന്നിയുള്ളതാണ്. ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍, കെയര്‍ ആന്‍ഡ് ഷെയറിനു കീഴിലുള്ള ആരോഗ്യ സേവനങ്ങള്‍, പാര്‍ശ്വവത്കൃതര്‍ക്കായുള്ള സാമ്പത്തികവും സാമൂഹ്യവുമായ പരിശ്രമങ്ങള്‍ എന്നിവയെല്ലാം മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്നു.
Mammootty

Mammootty


ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഇനി വരാനുള്ളത്. അവയെല്ലാം അവിസ്മരണീയങ്ങളാക്കി മലയാള സിനിമാ ലോകത്ത് തലയെടുപ്പോടെ നീണാള്‍ വാഴാന്‍ നമ്മുടെ സ്വന്തം മമ്മൂക്കയ്ക്ക് എല്ലാവിധ ആശംസകളും.

Veteran actor Megastar Mammootty completing his 50 years in cinema today. He started his film life as a junior artist in ‘Anubhavangal Paalichakal’.

You may also like...

Leave a Reply

Your email address will not be published. Required fields are marked *