മമ്മൂട്ടിയുടെ കടുത്ത ആരാധകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ സുബ്രന്‍ അന്തരിച്ചു. മറ്റുള്ളവര്‍ക്കിടയിലും സ്വയവും മമ്മൂട്ടി സുബ്രന്‍ എന്നു പറയപ്പെടുന്ന അദ്ദേഹം മമ്മൂട്ടിയുമായി വ്യക്തിബന്ധവും കാത്തുസൂക്ഷിച്ചിരുന്നു. മമ്മൂട്ടി തന്നെ സുബ്രന്‍റെ വിയോഗ വാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്. തൃശൂര്‍ പൂങ്കുന്നം ശങ്കരംകുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള ആല്‍ത്തറയിലായിരുന്നു താമസം. മമ്മൂട്ടിയുടെ ഫോട്ടോയും ദേവീദേവന്‍മാരുടെ ഫോട്ടോകളുമാണ് അവിടെ സുബ്രന്‍റെ സമ്പാദ്യമായി ഉണ്ടായിരുന്നത്.
“വർഷങ്ങളായി അറിയുന്ന സുബ്രൻ വിടവാങ്ങി… എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് “മമ്മുട്ടി സുബ്രൻ” എന്നാക്കിയ സുബ്രന്‍റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികൾ”, സുബ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വരികളാണിത്. മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘ഒരു വടക്കന്‍ വീരഗാഥ’ നൂറിലധികം തവണ കണ്ട സുബ്രന്‍ പലകുറി മമ്മൂട്ടിയെ വീട്ടിലും ഷൂട്ടിംഗ് ലൊക്കേഷനിലും എത്തി കണ്ടിട്ടുണ്ട്.
സുബ്രന്‍റെ വിയോഗ വാര്‍ത്തയറിഞ്ഞ് മമ്മൂട്ടി വിളിച്ചതിനെ കുറിച്ച് പൂങ്കുന്നം ഡിവിഷന്‍ കൌണ്‍സിലറായ ആതിര പങ്കുവെച്ച കുറിപ്പും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
“മമ്മൂട്ടി എന്ന നടനെ എനിക്ക് സിനിമയിൽ കണ്ട പരിചയം മാത്രമേ ഉള്ളൂ.. അതിലപ്പുറം ഒന്നും എനിക്കറിയില്ല.. ഞാൻ അറിയാൻ ശ്രമിച്ചിട്ടുമില്ല. പക്ഷേ ഇന്ന് ഞാൻ അദ്ദേഹത്തെ ഓർത്തിരുന്നു.
കാരണം എനിക്ക് ഓർമ വെച്ച കാലം മുതൽ മമ്മൂട്ടിയുടെ ഒരു കടുത്ത ആരാധകനെ എനിക്കറിയാം.നാട്ടുകാർ അയാളെ മമ്മൂട്ടി സുബ്രൻ എന്ന് വിളിച്ചു. അയാളും സ്വയം അങ്ങനെ തന്നെയാണ് പറയാറ് . വീടൊന്നുമില്ലാതെ അത്യാവശ്യം മദ്യപാനം ഒക്കെ ആയി ശങ്കരംകുളങ്ങര അമ്പലത്തിന്റെ ജംഗ്ഷനിൽ ഒരു ആലിൻ ചുവട്ടിൽ മമ്മൂട്ടിയുടെ ഫോട്ടോയും കൂടെ എല്ലാ ദൈവങ്ങളുടെയും ഫോട്ടോസും വെച്ച് അതിന്റെ ചുവട്ടിൽ ആയിരുന്നു താമസം.അടുത്തുള്ള കട നടത്തുന്നവരും സമീപവാസികളും ഭക്ഷണം കൊടുക്കും.കോവിഡ് ലോക്ക്ഡൌൺ സമയത്ത് ഭക്ഷണം ഞാൻ ഏർപ്പാട് ചെയ്തിരുന്നു . എന്ത് പരിപാടി നടക്കുമ്പോഴും അതിന്റെ മുന്നിൽ വന്നു നിൽക്കും. അടുത്തുള്ള കുളത്തിൽ ആണ് കുളിയൊക്കെ. അതിന്റെ മതിലുകളിലും മമ്മൂട്ടി എന്ന് എഴുതിയിട്ടിട്ടുണ്ട്. മമ്മൂട്ടിയെ കാണാൻ ആയി ചെന്നൈയിലെ വീട്ടിൽ വരെ പോയിട്ടുണ്ട് പല പ്രാവശ്യം. അതും സോഷ്യൽ മീഡിയ വരുന്നതിനു മുൻപുള്ള കാലത്ത്. മമ്മൂട്ടി എന്നാൽ അയാൾക്ക് അത്രയും ആരാധനയായിരുന്നു. അദ്ദേഹത്തിനെ വെച്ച് സിനിമ എടുക്കുന്നതിനു ഒരുപാട് കാശിനു ലോട്ടറി ടിക്കറ്റുകൾ എടുത്ത് ഭാഗ്യം പരീക്ഷിച്ചിരുന്നു.
ഇങ്ങനെയുള്ള മമ്മൂട്ടി സുബ്രൻ ഇന്നലെ രാത്രി ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാരായ ശ്രീജിത്തും അപ്പുവും ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചു കുറച്ച് സമയത്തിന് ശേഷം മരണപ്പെട്ടു. ഇതറിഞ്ഞപ്പോഴാണ് നേരത്തെ പറഞ്ഞത് പോലെ ഞാൻ മമ്മൂട്ടി എന്ന നടനെ ഓർക്കാൻ കാരണം.
പക്ഷേ ഈ മനുഷ്യൻ മമ്മൂട്ടിക്കു എത്ര പ്രിയപ്പെട്ടവൻ ആണെന്ന് ഞാൻ മനസിലാക്കാൻ വൈകിപ്പോയി. അൽപ സമയം മുൻപ് മരണവിവരം അറിഞ്ഞു അദ്ദേഹം എന്നെ ഫോണിൽ വിളിക്കുന്നത് വരെ.
‘കഥ പറയുമ്പോൾ’ സിനിമയിലെ അശോക് രാജ് ബാലനെക്കുറിച്ച് സംസാരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത് . തെരുവിൽ കിടന്നിരുന്ന സാധാരണക്കാരനായ ഒരു ആരാധകനോട് പോലും ഇത്രമേൽ ആത്മ ബന്ധം പുലർത്തിയിരുന്നു മലയാളത്തിൻ്റെ മെഗാസ്റ്റാർ എന്നറിയുമ്പോൾ തികഞ്ഞ ആദരവ് മമ്മൂക്ക.സുബ്രനെ കുറിച്ചുള്ള ഒരുപാട് ഓർമ്മകൾ മമ്മൂക്ക പങ്കിട്ടു. ഷൂട്ടിംഗ് സ്ഥലങ്ങളിലും വീട്ടിലും വരാറുണ്ടായിരുന്നതും അവസാനം മദ്യപാനശീലം കൂടിയപ്പോൾ വഴക്ക് പറഞ്ഞിരുന്നതുമെല്ലാം അദ്ദേഹം പറഞ്ഞു.
മമ്മൂട്ടിയോടുള്ള അടുപ്പം ഒരിക്കൽ പോലും വ്യക്തിപരമായ നേട്ടത്തിന് സുബ്രൻ ഉപയോഗിച്ചില്ല . തികച്ചും അസാധാരണക്കാരനായ ആരാധകനായിരുന്നു സുബ്രൻ.
സുബ്രനെ ഓർത്തതിന് , ആ സ്നേഹ വായ്പിന് , കരുതലിന് , ആദരവോടെ നന്ദി മമ്മൂക്കാ🙏🏻
മമ്മൂട്ടി സുബ്രന് ആദരാഞ്ജലികൾ 🙏🏻”
Well-known Mammootty fan ‘Mammootty Subran’ passed away. Megastar himself shared the sad news on social media.