ഇന്ന് സ്മാര്‍ട്ട് ഫോണുകള്‍ മലയാളി നിത്യ ജീവിതത്തിന്റെ ഏറ്റവും അനിവാര്യ ഘടകങ്ങളിലൊന്നായി മാറിയിരിക്കുന്നു. 25 വര്‍ഷങ്ങള്‍ക്കു മുമ്പ് ഏറ്റവും ആഡംബര വസ്തുവായി കണക്കാക്കപ്പെട്ടിരുന്ന ഒന്നാണ് മൊബീല്‍ എന്ന് ഓര്‍ത്തെടുക്കുന്നു സംവിധായകന്‍ തുളസി ദാസ്. ‘ആയിരം നാവുള്ള അനന്തന്‍’ എന്ന തന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഘട്ടത്തില്‍ താരങ്ങള്‍ ആദ്യമായി മൊബൈല്‍ വാങ്ങിയപ്പോള്‍ ഉണ്ടായ സന്ദര്‍ഭങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം.
‘ആയിരം നാവുള്ള അനന്തന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. മമ്മൂട്ടി, മുരളി, ഗൗതമി, മാധവി, ദേവന്‍ അങ്ങനെ ശക്തമായ താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്. മമ്മൂട്ടി വലിയ ഒരു മൊബൈല്‍ ഫോണുമായി എത്തിയതോടെയാണ് കാര്യങ്ങള്‍ തുടങ്ങുന്നത്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ മോട്ടറോളയുടെ സെറ്റായിരുന്നു അത്. ആ സമയത്ത് ഫോണ്‍ വളരെ അപൂര്‍വമായിരുന്നു. സംസ്ഥാനത്ത് വളരെ കുറച്ചു പേര്‍ക്കു മാത്രമേ അത് ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് സെറ്റിലെ പ്രധാന ചര്‍ച്ചാ വിഷയമായി മമ്മൂട്ടിയുടെ മൊബൈല്‍ ഫോണ്‍ മാറി.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഗൗതമി ഒരു മൊബൈലുമായി സെറ്റില്‍ എത്തി. പിന്നീട് മാധവിയുടെ കൈയിലും മൊബൈല്‍ കണ്ടു. ദേവനും പുതിയ ഫോണ്‍ വാങ്ങി. എന്നാല്‍ മുരളി മാത്രം ഫോണ്‍ വാങ്ങിയില്ല. ചില സമയങ്ങളില്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ റിങ് ചെയ്യാന്‍ തുടങ്ങും. അപ്പോള്‍ ഷൂട്ട് നിര്‍ത്തിവെച്ച് അഭിനേതാക്കള്‍ ഫോണ്‍ വിളിക്കാന്‍ പോകും. ഇത് മുരളിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. കുറച്ചു കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ച് ഇനിയും ഇങ്ങനെ നടന്നാല്‍ താന്‍ ഇറങ്ങിപ്പോകുമെന്ന് പറഞ്ഞു. ഞാന്‍ വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കിയത്. പക്ഷേ പ്രശ്‌നങ്ങള്‍ വളരെ വേഗം പരിഹരിക്കുകയും ഷൂട്ട് പുനരാരംഭിക്കുകും ചെയ്തു’ തുളസിദാസ് പറയുന്നു.