കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ മമ്മൂട്ടി ആരാധകരെ ഏറെ ആവേശത്തിലാക്കി കൊണ്ടാണ് ഓഗസ്റ്റ് സിനിമാസ് തങ്ങളുടെ മെഗാ സിനിമ കുഞ്ഞാലിമരയ്ക്കാന്‍ 4 പ്രഖ്യാപിച്ചത്. സാമൂതിരിയുടെ പടത്തലവന്‍മാരുടെ പരമ്പരയിലെ നാലാമത്തെ കുഞ്ഞാലിമര്ക്കാരുടെ കഥയാണ് സന്തോഷ് ശിവന്റെ സംവിധാനത്തില്‍ സിനിമയാകുന്നത്. എന്നാല്‍ സന്തോഷ് ശിവന്റെ തിരക്കുകള്‍ കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് അല്‍പ്പം നീട്ടിവെച്ചിരിക്കുകയാണ്. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ കുഞ്ഞാലി മരക്കാര്‍ 4 ആരംഭിക്കും. എന്നാല്‍ അതിനു മുമ്പായി ആരാധകരെ ആവേശത്തിലാക്കുന്ന ഒരു ടീസര്‍ തിയറ്ററുകളിലൂടെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഓഗസ്റ്റ് സിനിമാസ്. തങ്ങളുടെ പുതിയ റിലീസായ ടോവിനോ തോമസ് ചിത്രം തീവണ്ടിക്കൊപ്പം കുഞ്ഞാലി മരക്കാരുടെ ടീസറും അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ഓഗസ്റ്റ് സിനിമാസ് സാരഥി ഷാജി നടേശന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
നേരത്തേ വിഷു റിലീസായി എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് പലകുറി മാറ്റിവെച്ചിരുന്നു. ചിത്രം പെരുന്നാള്‍ റിലീസായി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തിരക്കഥാകൃത്ത് വിനി വിശ്വലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ പെരുന്നാളിന് മറ്റ് വന്‍ റിലീസുകള്‍ വരുന്നതിനാല്‍ ജൂണ്‍ അവസാനത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ബ്രഹ്മാണ്ഡ ചിത്രം കുഞ്ഞാലിമരക്കാരുടെ ടീസര്‍ തീവണ്ടിക്കൊപ്പം പ്രദര്‍ശിപ്പിക്കാനുള്ള ശ്രമമാണ് ജൂണിലും റിലീസ് മാറ്റിവെക്കാന്‍ കാരണമായതെന്നാണ് സൂചന. ടീസറിന് അനിമല്‍ വെര്‍ഫയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതിനാല്‍ അവസാന നിമിഷം ചിത്രം തന്നെ നീട്ടിവെക്കുകയായിരുന്നത്രേ. പിന്നീട് ഓണച്ചിത്രമായി പുറത്തിറക്കാനിരുന്ന തീവണ്ടി പ്രളയക്കെടുതിയെ തുടര്‍ന്ന് സെപ്റ്റംബര്‍ 7ലേക്ക് മാറ്റുകയായിരുന്നു. മമ്മൂട്ടിയുടെ ജന്‍മദിനം കൂടിയായ സെപ്റ്റംബര്‍ 7ന് തിയറ്ററുകളില്‍ കുഞ്ഞാലിമരക്കാര്‍ ടീസര്‍ ഉറപ്പായും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ടിപി രാജീവനും ശങ്കര്‍ മഹാദേവനും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ പ്രീ പ്രോഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. വന്‍ മുതല്‍മുടക്കില്‍ കുഞ്ഞാലി മരയ്ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് ഓഗസ്റ്റ് സിനിമാസ് ലക്ഷ്യമിടുന്നത്. അതിനിടെ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ‘മരക്കാര്‍, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം നവംബറില്‍ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ചരിത്രം തന്നെയാണ് ഈ ചിത്രവും പ്രമേയമാക്കുന്നത്.