ഈയാഴ്ച തിയറ്ററുകളിലെത്തുന്നത് മൂന്ന് മലയാള ചിത്രങ്ങള്‍. ഡാകിനി, ആനക്കള്ളന്‍ എന്നീ ചിത്രങ്ങള്‍ 18നും കൂദാശ 19നുമാണ് തിയറ്ററുകളിലെത്തുന്നത്. നാളെ തമിഴ് ചിത്രം വടചെന്നൈ റിലീസ് ചെയ്യും.
സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന്‍ രാഹുല്‍ ജി നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡാകിനിയില്‍ സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മമാരുടെ വേഷങ്ങളിലൂടെ ശ്രദ്ധേയരായ ബാലുശ്ശേരി സരസയും ശ്രീലത ശ്രീധരനും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. പോളി വില്‍സന്‍, ചെമ്പന്‍ വിനോദ്, അലന്‍സിയര്‍, ഇന്ദ്രന്‍സ്, സൈജു കുറുപ്പ് തുടങ്ങിയവരുമുണ്ട്. ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ അനീഷ് എം തോമസ്, യൂണിവേഴ്‌സല്‍ സിനിമാസ് ബി രാകേഷും ചേര്‍ന്ന് നിര്‍മിക്കുന്ന ഡാകിനി ഫ്രൈഡേ ഫിലിംസാണ് തിയറ്ററുകളിലെത്തിക്കുന്നത്.
ബിജുമേനോന്‍ മുഖ്യ വേഷത്തിലെത്തുന്ന ആനക്കള്ളന്‍ ട്രെയ്‌ലറിലൂടെയും പാട്ടിലൂടെയും ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ഉദയ കൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സുരേഷ് ദിവാകറാണ് സംവിധാനം ചെയ്യുന്നത്. അനുശ്രീ, കനിഹ, ഷംന കാസിം എന്നീ മൂന്നു നായികമാര്‍ ചിത്രത്തിലുണ്ട്.
ബാബുരാജ് നായകനാകുന്ന കൂദാശ ഒരു ത്രില്ലര്‍ സ്വഭാവത്തിലാണ് ഒരുക്കിയിട്ടുള്ളത്. ദിനു തോമസ് ഈലനാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. കൃതിക പ്രദീപ്, സായ് കുമാര്‍, ജോയ് മാത്യു, ദേവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.