മേജര്‍ രവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേര്‍സ് നാളെ പ്രേക്ഷകരില്‍ എത്തുകയാണ്. ചിത്രത്തിന്റെ ആമുഖം പറഞ്ഞിരിക്കുന്നത് മമ്മൂട്ടിയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനും മമ്മൂട്ടിക്കുമിടയില്‍ പിണക്കമുണ്ടായെന്ന തരത്തില്‍ ചില പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. പുത്തന്‍ പണത്തിന്റെയും 1971ന്റെയും ഡബ്ബിംഗ് ജോലികള്‍ ഒരേ സ്റ്റുഡിയോയിലാണ് നടന്നിരുന്നത്. തന്റെ ചിത്രത്തിന് ആമുഖം പറയണമെന്ന മോഹന്‍ലാലിന്റെ ആവശ്യം ആദ്യം മമ്മൂട്ടി ഒഴിവാക്കിയെന്നും പിന്നീട് മേജര്‍ രവിയെ വിളിച്ച് സമ്മതിച്ചെന്നും ഇത് ലാലിന് വിഷമമുണ്ടാക്കിയെന്നുമാണ് പ്രചാരണങ്ങള്‍ നടന്നത്. പിന്നീട് ആമുഖം പറഞ്ഞ് സ്റ്റുഡിയോയില്‍ നിന്ന് പോകും മുമ്പ് മമ്മൂട്ടി ലാലിനെ അറിയിച്ചെങ്കിലും അദ്ദേഹം കാണാന്‍ വന്നിലെന്നും ഈ റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ സംഭവിച്ചത് ഇങ്ങനെയൊന്നുമല്ലെന്നും ഇത്തരം വാര്‍ത്തകള്‍ ചമക്കുന്നവര്‍ക്ക് അവര്‍ക്കിടയിലെ സൗഹൃദം അറിയില്ലെന്നും മേജര്‍ രവി സൗത്ത്‌ലൈവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘നടന്നത് ഇതാണ്. മമ്മൂക്കാ, ഇങ്ങനെയൊരു സംഭവമുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. 1971നുവേണ്ടി ഒരു വോയ്‌സ് ഓവര്‍ നല്‍കണമെന്ന്. എനിക്ക് സമയമുണ്ടാവില്ലെന്ന് പറഞ്ഞ് വേഗത്തില്‍ അദ്ദേഹം നടന്നുപോയി. പിന്നീട് എന്റെ മുഖം കണ്ട് ലാലേട്ടന്‍ ചോദിച്ചു എന്താണ് വിഷയമെന്ന്. മമ്മൂക്ക ഇങ്ങനെ പ്രതികരിച്ച കാര്യം ഞാന്‍ പറഞ്ഞു. നിങ്ങള്‍ നോക്കിക്കോ, വൈകുന്നേരമാവുമ്പോഴേക്കും മമ്മൂക്ക തിരിച്ചുവിളിച്ചിരിക്കുമെന്ന് ലാലേട്ടന്‍ പറഞ്ഞു. അത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ രീതിയാണെന്നും അതില്‍ വിഷമിക്കാനൊന്നുമില്ലെന്നും. അതുപോലെതന്നെ സംഭവിച്ചു. വൈകുന്നേരമായപ്പോള്‍ മമ്മൂക്ക എന്നെ വിളിച്ചു. ചെയ്തുതരാമെന്ന് പറഞ്ഞു. പറഞ്ഞതുപോലെ അദ്ദേഹം വന്ന് ചെയ്തു, ആവശ്യമായ സമയമെടുത്ത് തന്നെ. ചെറുതല്ല, വലിയ വിവരണമാണ് അദ്ദേഹത്തിന് പറയേണ്ടിയിരുന്നത്. 1971 സ്‌ക്രീനില്‍ കാണുമ്പോള്‍ അറിയാം, മമ്മൂക്കയുടെ ശബ്ദത്തിന്റെ മാസ്മരികത. നേരത്തേ പറഞ്ഞ, സിനിമ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന വികാരങ്ങളൊക്കെ മമ്മൂക്കയുടെ ശബ്ദത്തില്‍ പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്യും. മമ്മൂക്കയുടെയും ലാലേട്ടന്റെയുംപേരില്‍ തെറ്റായ വാര്‍ത്തകളൊക്കെ പ്രചരിപ്പിക്കുന്നവര്‍ക്ക് അറിയില്ല, അവര്‍ക്കിടയിലുള്ള ബന്ധമെന്താണെന്നും സൗഹൃദമെന്താണെന്നും,’ മേജര്‍ രവി പറയുന്നു.