വിഎ ശ്രീകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ വന്‍ റിലീസിന് ഒരുങ്ങുകയാണ്. ഇന്ത്യക്കകത്തും പ്രധാന വിദേശ സെന്ററുകളിലും ഡിസംബര്‍ 14ന് ഒരുമിച്ചായിരിക്കും റിലീസ്. തെലുങ്ക് പതിപ്പും അന്നു തന്നെ പുറത്തിറക്കും. എം ജയചന്ദ്രന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ എംജി ശ്രീകുമാര്‍ പാടിയിരിക്കുന്നു. ആശിര്‍വാദ് സിനിമാസ് 45 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്റെ പ്രൊമോഷനായും വന്‍ തുകയാണ് ചെലവിടുന്നത്. ഒടിയന്‍ പ്രതിമകള്‍ വിവിധ തിയറ്ററുകളില്‍ സ്ഥാപിച്ചു കഴിഞ്ഞു.
300ല്‍ അധികം ഫാന്‍സ് ഷോകള്‍ ആദ്യ ദിനത്തില്‍ ചിത്രത്തിനുണ്ടാകുമെന്നാണ് സൂചന. മോഹന്‍ലാല്‍ ഫാന്‍സിന്റെ നേതൃത്വത്തിലും ചിത്രത്തിനായി വന്‍ പ്രചാരണമാണ് നടത്തുന്നത്. ഹരികൃഷ്ണന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ഫാന്റസി ഘടകങ്ങളുള്ള ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറാണെന്നും ശ്രീകുമാര്‍ പറയുന്നു. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ ഇന്നസെന്റ്, പ്രകാശ് രാജ്, കൈലാഷ്, നരേന്‍ തുടങ്ങിയവര്‍ വേഷമിടുന്നു.