മോഹൻലാൽ ആരാധകരും പ്രഥ്വിരാജ് ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫർ ജൂണിൽ ഷൂട്ടിംഗ് തുടങ്ങുമെന്ന് റിപ്പോർട്ട്. മുരളീ ഗോപി തിരക്കഥ രചിച്ച് പ്രഥ്വിരാജ് സംവിധായകനായി അരങ്ങേറുന്ന ഈ മോഹൻലാൽ ചിത്രം ഒരു പൊളിറ്റിക്കൽ ഡ്രാമയായിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ ഷൂട്ടിംഗും റിലീസും ഉൾപ്പടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനുള്ള ഫൈനൽ ചർച്ചയ്ക്ക് പ്രിഥ്വിരാജും മുരളീ ഗോപിയും മോഹൻലാൽ ചിത്രം ഒടിയന്റെ സെറ്റിലെത്തി. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഒരുമിച്ച് ഫേസ്ബുക്ക് ലൈവിലെത്തി ലൂസിഫർ ഉടനുണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
വളരേ വ്യത്യസ്തമായ അവതരണ രീതിയും മേക്കിംഗും ലൂസിഫറിൽ പരീക്ഷിക്കാനാണ് പ്രിഥ്വിരാജ് ഒരുങ്ങുന്നത്. കേരളത്തിൽ തന്നെയായിരിക്കും ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ്. ലൂസിഫറിലെ ലുക്ക് എന്ന നിലയിൽ ആരാധകർ പ്രതീക്ഷിക്കുകയും നിരവധി പോസ്റ്ററുകൾ തയാറാക്കുകയും ചെയ്തതിനോട് സാമ്യമുള്ള ലുക്കായിരിക്കില്ല മോഹൻലാലിന് ചിത്രത്തിലെന്നാണ് സൂചന.