മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. നവംബര്‍ 7ന് താരത്തിന്‍റെ ജന്മദിനത്തില്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ട്. ഒരു ഗാംഗ്സ്റ്റര്‍ ആക്ഷന്‍ ചിത്രത്തിനാണ് ലോകേഷ് തയാറെടുക്കുന്നത്. കമല്‍ ഹാസന്‍ 232 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രം രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷ്ണലാണ് നിര്‍മിക്കുന്നത്. നവംബറില്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി. അനിരുദ്ധ് സംഗീതം നല്‍കുന്നു. അടുത്ത വര്‍ഷം വേനലില്‍ ചിത്രം എത്തുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’ എന്ന ചിത്രമാണ് കമല്‍ ഹാസന്‍റെ ഷൂട്ടിംഗ് ഘട്ടത്തിലുണ്ടായിരുന്ന ചിത്രം. സെറ്റിലുണ്ടായ അപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ചിത്രം ലോക്ക്ഡൌണിലൂടെ പിന്നെയും നീളുകയായിരുന്നു. ഇന്ത്യന്‍ 2 ഇനി എപ്പോള്‍ പുനരാരംഭിക്കും എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ബജറ്റ് സംബന്ധിച്ച പ്രശ്നങ്ങള്‍ മൂലം ചിത്രത്തിന്‍റെ തുടക്കത്തില്‍ തന്നെ പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ശങ്കറും നിര്‍മാതാക്കളായി ലൈക്ക പ്രൊഡക്ഷന്‍സും ധാരണയിലെത്തിയത്. 60 ശതമാനത്തോളം ഷൂട്ടിംഗ് പൂര്‍ത്തിയായ ഘട്ടത്തിലാണ് സെറ്റിലെ അപകടവും കോവിഡ് വ്യാപനവും എത്തിയത്. ഇപ്പോള്‍ ബജറ്റ് 200 കോടിയില്‍ തന്നെ നിര്‍ത്തണമെന്ന് കര്‍ശന നിലപാടിലാണ് നിര്‍മാതാക്കള്‍. എന്നാല്‍ അത്ര വിട്ടുവീഴ്ച ബജറ്റില്‍ വരുത്താന്‍ ശങ്കര്‍ തയാറല്ല, മറ്റ് നിര്‍മാതാക്കളെ അദ്ദേഹം ചിത്രത്തിനായി സമീപിക്കുന്നതായും വിവരമുണ്ട്.
Director Lokesh Kanagaraj’s Kamal Hassan starrer will start soon. Shankar directorial Indian 2 in crisis.