ആറു പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിന് വിരാമമിട്ടുകൊണ്ട് നടി കെപിഎസി ലളിത (74) അന്തരിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന അവർ മകനോടൊപ്പം തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രി വൈകിയാണ് മരണം സംഭവിച്ചത്.
1947 ഫെബ്രുവരി 10 ന് ജനിച്ച അവരുടെ യഥാർത്ഥ പേര് മഹേശ്വരിയമ്മ എന്നാണ്.
ചെറുപ്രായത്തിൽ തന്നെ നാടകത്തിൽ എത്തിയ അവർക്കു കെപിഎസി-യിലെ അഭിനയ കാലത്ത് തോപ്പിൽഭാസിയാണ് ലളിത എന്ന പേര് നൽകിയത്. നിരവധി ശ്രദ്ധേയമായ നാടകങ്ങളുടെ ഭാഗമായ കെപിഎസി ലളിത 1970ൽ ഉദയ നിർമ്മിച്ച കൂട്ടുകുടുംബം എന്ന സിനിമയിലൂടെയാണ് ചലച്ചിത്രലോകത്ത് എത്തുന്നത്. പിന്നീട് അഞ്ച് പതിറ്റാണ്ടോളം വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റി. വിവിധ ടെലിവിഷൻ പരമ്പരകളിലും ഭാഗമായിരുന്നു
പ്രശസ്ത സംവിധായകനായിരുന്ന ഭരതനുമായി 1978ൽ വിവാഹിതയായി. നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ മകനാണ്. ഒരു മകൾ കൂടി ഉണ്ട്.
മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ച കെപിഎസി ലളിത കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൺ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം വൈകിട്ട് 5ന് വടക്കാഞ്ചേരി എങ്കക്കാട്ടെ വീട്ടുവളപ്പിൽ നടക്കും.
Veteran actress KPAC Lalitha passed away