അമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെ ഇന്ത്യന്‍ സിനിമയ്ക്ക് തുറന്നുകിട്ടിയ പുതിയ മാര്‍ക്കറ്റാണ് ചൈന. ദംഗല്‍ ഇന്ത്യയില്‍ നിന്നു നേടിയതിനേക്കാള്‍ തുക ചൈനയില്‍ നിന്ന് നേടി. ബാഹുബലി 2, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങളും ചൈനയില്‍ മികച്ച രീതിയില്‍ റിലീസ് ചെയ്തു. ഇപ്പോള്‍ മലയാളത്തില്‍ നിന്നും ചൈനയില്‍ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമാകാനൊരുങ്ങുകയാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി.
കളരിപ്പയറ്റ് പോലൊരു ആയോധന കലയുടെ സാന്നിധ്യവും റോബിന്‍ഹുഡ് എന്ന തസ്‌കരശൈലിയും ചൈനീസ് പ്രേക്ഷകര്‍ക്കും ചിത്രം സ്വീകാര്യമാക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. 70 കോടിക്കടുത്ത് ഇതിനകം ബോക്‌സ് ഓഫിസില്‍ നിന്ന് ചിത്രം നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ ടോട്ടല്‍ ബിസിനസ് 100 കോടിയില്‍ എത്തിയിട്ടുണ്ട്. ബോബി-സഞ്ജയ് തിരക്കഥ എഴുതിയ ചിത്രം 45 കോടിയോളം മുടക്കി ശ്രീ ഗോകുലം മൂവീസാണ് നിര്‍മിച്ചത്. ഇത്തിക്കര പക്കിയായി മോഹന്‍ലാലും ചിത്രത്തില്‍ എത്തി. കേരളത്തില്‍ ചില സെന്ററുകളില്‍ കൊച്ചുണ്ണി പ്രദര്‍ശനം തുടരുന്നു.
Tags:kayamkulam kochunninivin paulyroshan andrews