2018ലെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷനില്‍ മലയാള ചിത്രങ്ങളില്‍ റാഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിക്ക് മുന്നിലുള്ളത് മമ്മൂട്ടി ചിത്രം എബ്രഹാമിന്റെ സന്തതികള്‍ മാത്രം. ബോബി- സഞ്ജയ് തിരക്കഥയെഴുതി നിവിന്‍ പോളി ടൈറ്റില്‍ വേഷത്തിലും മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയായും എത്തിയ ചിത്രം ഇതിനകം 50 കോട ക്ലബ് ഉറപ്പിച്ചിട്ടുണ്ട്. 45 കോടിക്കടുത്ത് മുതല്‍മുടക്കിയുള്ള നിര്‍മാണത്തിനൊപ്പം വന്‍ തുക ചിലവിട്ടുള്ള പ്രചാരണ പരിപാടികളും കേരളത്തിലെ ഏറ്റവും വലിയ റിലീസായി ചിത്രം എത്തിച്ചതും തുടര്‍ച്ചയായി അവധി ദിനങ്ങള്‍ വന്നതും ചിത്രത്തിന് ഗുണം ചെയ്തു. കേരളത്തിനൊപ്പം മറ്റ് ഇന്ത്യന്‍ സെന്ററുകളിലും യുഎഇ/ ജിസിസിയിലും ഒരുമിച്ച് ചിത്രമെത്തിച്ചതും മോഹന്‍ലാലിന്റെ അതിഥി വേഷവും കളക്ഷന്‍ വേഗത്തില്‍ നേടാന്‍ സഹായകമായി. സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയ ചിത്രത്തിന്റെ കളക്ഷനില്‍ സിംഗിള്‍ സ്‌ക്രീനുകളില്‍ ഇപ്പോള്‍ ഇടിവ് പ്രകടമാണ്.
ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികള്‍ 70 കോടിക്ക് അടുത്ത് വേള്‍ഡ് വൈഡ് കളക്ഷനായി നേടിയെന്നാണ് കണക്കാക്കുന്നത്. യുഎഇ/ ജിസിസിയില്‍ 12 കോടിക്കടുത്ത് കളക്ഷന്‍ നേടിയിട്ടുണ്ട്. കേരളത്തിലെ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയുള്ള കളക്ഷന്‍ 25 കോടിക്കടുത്താണെന്നാണ് വിവരം. മൊത്തം കളക്ഷന്‍ നിര്‍മാതാക്കള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.