ചെറിയ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് മികച്ച സ്വഭാവ വേഷങ്ങളിലേക്ക് മാറിയ കലാഭവൻ ഷാജോൺ ഇപ്പോൾ സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ഷൂട്ടിംഗ് അടുത്ത വർഷം ഫെബ്രുവരിയിൽ ആരംഭിക്കും. നടനെന്ന നിലയിലും മികച്ച അവസരങ്ങളാണ് ഷാജോണിന് മുമ്പിലുള്ളത്. ശങ്കർ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 2.0യിലും ഷാജോൺ ഒരു വേഷം ചെയ്തിട്ടുണ്ട്. രജനീകാന്തിനൊപ്പം കോമ്പിനേഷൻ സീനുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അക്ഷയ് കുമാറിനൊപ്പം നിരവധി രംഗങ്ങളിൽ എത്തുന്നുണ്ടെന്ന് ഷാജോൺ വ്യക്തമാക്കുന്നു.
ഷൂട്ടിങ്ങിനിടെ അക്ഷയുമായി അധികമൊന്നും സംസാരിക്കാൻ ആയിരുന്നില്ല. കടുത്ത മേക്കപ്പ് കാരണം അക്ഷയ് കുറച്ചുമാത്രമാണ് സംസാരിച്ചിരുന്നത്. ഷൂട്ടിംഗ് തീരാറായ ഘട്ടത്തിൽ അക്ഷയ് കുമാറിനൊപ്പം ഒരു സെൽഫി എടുക്കാൻ ആഗ്രഹിക്കുന്നതായി അസോസിയേറ്റ് പറഞ്ഞിരുന്നു. എന്നാൽ അന്ന് അക്ഷയിന്റെ ഷൂട്ടിംഗ് നേരത്തെ അവസാനിച്ചു. അതിനുശേഷം തൻറെ കുറെയധികം ക്ലോസപ്പ് രംഗങ്ങൾ ചിത്രീകരിക്കാൻ ഉണ്ടായിരുന്നു. അതിനാൽ സെൽഫി എടുക്കാൻ ഉള്ള ആഗ്രഹം നടക്കില്ലെന്നാണ് കരുതിയത്.
അക്ഷയ് കുമാറിന്റെ മേക്കപ്പ് നീക്കം ചെയ്യാൻ രണ്ടുമണിക്കൂറോളം ആവശ്യമാണ്. ഏതാണ്ട് മൂന്നുമണിക്കൂർ ആയപ്പോൾ അസോസിയേറ്റ് വന്ന് ശങ്കർ സാറിനോട് അക്ഷയ് കുമാർ വെയ്റ്റ് ചെയ്യുന്നതായി അറിയിച്ചു. സെൽഫി എടുക്കുന്നതിനുള്ള തൻറെ ആഗ്രഹം പൂർത്തിയാക്കാനാണ് അക്ഷയ് കുമാർ കാത്തിരിക്കുന്നത് എന്നറിഞ്ഞ് ഞെട്ടിയതായി ഷാജോൺ പറയുന്നു.
Tags:2.0akshay kumarKalabhavan shajon