കുറച്ചു ദിവസമായി ‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രം സിനിമാ വാര്‍ത്തകളില്‍ ഏറേ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. സുരേഷ് ഗോപിയുടെ 250-ാം ചിത്രം എന്ന നിലയ്ക്ക് പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന് തിരുവനന്തപുരം സെഷന്‍സ് കോടതി വിലക്ക് പ്രഖ്യാപിച്ചതോടെയാണ് ഈ കഥാപാത്രം ശ്രദ്ധ നേടിയത്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ച കടുവ എന്ന ചിത്രത്തിന്റെ രചയിതാവ് ജീനു എബ്രഹാമാണ് എസ്‌ജെ250ക്ക് എതിരേ പരാതി നല്‍കിയത്. തനിക്കൊപ്പം 2012 മുതല്‍ ഉണ്ടായിരുന്ന ആളാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകനായ മാത്യുസ് തോമസ് എന്നും തിരക്കഥയില്‍ അടക്കം സാമ്യമുണ്ടെന്ന് അറിഞ്ഞതിനാലാണ് കോടതിയെ സമീപിച്ചതെന്നും ജീനു എബ്രഹാം പറയുന്നു. എന്നാല്‍ ഇവര്‍ രണ്ടു പേരുമല്ല രണ്‍ജി പണിക്കരാണ് ഈ കഥാപാത്രത്തിന്റെ പേരും രൂപവും സൃഷ്ടിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം.
2001ല്‍ മോഹന്‍ലാലിനെ നായകനാക്കി രണ്‍ജിയുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യാനിരുന്ന വ്യാഘ്രം എന്ന ചിത്രത്തിലെ നായക കഥാപാത്രമായിരുന്നു പ്ലാന്റര്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍. ഈ ചിത്രം പിന്നീട് ഉപേക്ഷിക്കപ്പെട്ടെങ്കിലും ഇതു സംബന്ധിച്ച് അന്ന് വന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ സഹിതം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ എത്തിയിട്ടുണ്ട്.
ഇതേക്കുറിച്ചുള്ള രണ്‍ജി പണിക്കരുടെ പ്രതികരണം ഇങ്ങനെയാണ്…
‘കടുവാക്കുന്നേല്‍ കുറുവച്ചന്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രമല്ല. കോട്ടയം ജില്ലയിലെ പാലായില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളാണ് അദ്ദേഹം. ഏകദേശം 20 വര്‍ഷം മുമ്പ് അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ സിനിമയാക്കാന്‍ പോന്നതാണെന്നു ഞാന്‍ തിരിച്ചറിയുന്നത്. ഒരു സിനിമയ്ക്കു ചേര്‍ന്ന കഥാപാത്രവും കഥാപരിസരങ്ങളും. അന്ന് ഞാനും ഷാജിയും (ഷാജി കൈലാസ്) ഒരുമിച്ചാണ് ഈ സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഞങ്ങള്‍ അന്ന് ഒരുമിച്ച് സിനിമകള്‍ ചെയ്തിരുന്ന കാലമായിരുന്നു. വ്യാഘ്രം എന്ന ടൈറ്റിലില്‍ പ്ലാന്റര്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചെങ്കിലും പിന്നീട് പല കാരണങ്ങളാല്‍ അതു നടന്നില്ല.
പിന്നീട് കഴിഞ്ഞ വര്‍ഷമാണ് ഷാജി എന്നോട്, ഇപ്പോള്‍ ഇതു സംബന്ധിച്ച് അവകാശവാദം ഉന്നയിക്കുന്ന തിരക്കഥാകൃത്തിന്റെ രചനയില്‍ ഇങ്ങനെ ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ചു പറയുന്നത്. ഈ കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യുന്നതില്‍ വിരോധം ഉണ്ടോ എന്ന് ഷാജി ചോദിക്കുകയും ചോദിച്ചത് ഷാജി ആയതുകൊണ്ടു ഞാന്‍ സമ്മതിക്കുകയും ചെയ്തു. ഷാജി കുറേക്കാലമായി സിനിമ ചെയ്തിട്ട്. ഇതു ഷാജിക്കൊരു സിനിമയ്ക്കു കലരണമാകുമെങ്കില്‍ എന്റെ അവകാശവാദം കൊണ്ട് അതു മുടങ്ങരുതെന്ന് എനിക്ക് നിര്‍ബന്ധം ഉണ്ട്. ആ നിര്‍ബന്ധം എനിക്ക് ഇപ്പോഴുമുണ്ട്.
പക്ഷേ ഇപ്പോള്‍ കേള്‍ക്കുന്ന വാദങ്ങള്‍ പോലെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ ഇവര്‍ ആരും സൃഷ്ടിച്ച കഥാപാത്രം അല്ല. അതിന്റെ കോപ്പിറൈറ്റും മറ്റു നിയമപരമായ കാര്യങ്ങളും കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കാര്യമാണ്. അത് ഈ രണ്ടു സിനിമകളുടെയും തിരക്കഥാകൃത്തുക്കള്‍ തമ്മില്‍ തീര്‍ക്കേണ്ട വിഷയവുമാണ്. പക്ഷേ ആരെങ്കിലും ആ കഥാപാത്രം ഞാന്‍ സ്വയം സൃഷ്ടിച്ചതാണെന്നു പറഞ്ഞാല്‍ അത് അടിസ്ഥാനരഹിതമാണ്.
ഞാന്‍ ഇതില്‍ മറ്റു അവകാശവാദങ്ങള്‍ ഉന്നയിക്കാത്തത് ആര്‍ക്കും ഇത്തരം പശ്ചാത്തലത്തില്‍ സിനിമ എടുക്കാനുള്ള അധികാരവും അവകാശവും ഉണ്ടെന്നു ബോധ്യമുള്ളതിനാലാണ്. പക്ഷേ കുറുവച്ചന്‍ എന്ന് കഥാപാത്രത്തിന് ആ പേരിട്ടതും രൂപം കൊടുത്തതും ഞാനാണ്. തര്‍ക്കങ്ങള്‍ നടക്കട്ടെ. എല്ലാം നല്ല നിലയില്‍ അവസാനിക്കട്ടെ. ഇപ്പോള്‍ കേള്‍ക്കുന്ന അവകാശവാദങ്ങള്‍ പൊള്ളയാണ് എന്നു മാത്രം തല്‍കാലം പറയട്ടെ,’
Writer/actor Ranji Panikkar revealing that the now disputed character name ‘Kuruvachan’ is his creation. And the character is based on a real-life character.