പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ലൂസിഫറില്‍ സഹോദരന്‍ ഇന്ദ്രജിത്തും പ്രധാന വേഷത്തില്‍ എത്തും. മോഹന്‍ലാല്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ എന്ന താരത്തിന്റെയും നടന്റെയും ആരാധകര്‍ക്ക് ആവശ്യമുള്ള ചേരുവകള്‍ ഉണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
ആന്റണി പെരിമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കുകയാണ്. ഏകദേശം ആറുമാസത്തോളമാണ് പ്രിഥ്വിരാജ് നടന്‍ എന്ന നിലയ്ക്കുള്ള ചുമതലകള്‍ ലൂസിഫറിനായി മാറ്റിവെക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.