ബോബി-സഞ്ജയ് തിരക്കഥ എഴുതി സന്തോഷ് വിശ്വനാഥന്റെ സംവിധാനത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി എത്തുന്ന ‘വണ്‍’ ഉടന്‍ യറ്ററുകളില്‍ എത്തുകയാണ്. ഇതിനു മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. നേരത്തേ ഏപ്രില്‍ റിലീസാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു കൂടി കണക്കിലെടുത്ത് രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രം അതിനു മുന്‍പായി തിയറ്ററുകളില്‍ എത്തിക്കുന്നതിനാണ് ഇപ്പോള്‍ ശ്രമം.
ചിത്രത്തിന്റെ തമിഴ് മൊഴിമാറ്റ പതിപ്പും പുറത്തിറങ്ങുന്നുണ്ട്. തമിഴ് സംവിധായകന് റാമിന്റെ സഹായത്തോടെയാണ് ഡബ്ബിംഗ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ റിലീസ് ചെയ്യാന്‍ ലക്ഷ്യമിട്ടിരുന്ന ചിത്രം കൊറോണ മൂലം നീട്ടിവെക്കുകയായിരുന്നു. രണ്ടു ദിവസത്തെ പാച്ചപ്പ് ഷൂട്ടിംഗ് ഈ ജനുവരിയിലും നടന്നിരുന്നു. നിമിഷ സജയനും മാത്യു തോമസും പ്രധാന വേഷങ്ങളില്‍ എത്തുന്നു. നടന് കൃഷ്ണകുമാറിന്റെ മകളും നടി അഹാന കൃഷ്ണകുമാറിന്റെ അനിയത്തിയും ആയ ഇഷാനി കൃഷ്ണകുമാര്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്ഫ്ളിക്സിന് കൈമാറിയിട്ടുണ്ട്. തിയറ്റര്‍ റിലീസിനു ശേഷം മാത്രമായിരിക്കും ഡിജിറ്റല്‍ റിലീസ്.
ആര്. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ. സംഗീതം ഗോപി സുന്ദറും എഡിറ്റിംഗ് നിഷാദും നിര്‍വഹിക്കുന്നു.
രഞ്ജി പണിക്കര്‍, ബാലചന്ദ്രമേനോന്, ജോജു ജോര്‍ജ്, സലിംകുമാര്‍, മുരളി ഗോപി, മാമുക്കോയ സുരേഷ് കൃഷ്ണ, സുദേവ് നായര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സാധാരണക്കാരനായ ഒരു യുവാവും മുഖ്യമന്ത്രിയും തമ്മിലുള്ള സംഭാഷണങ്ങളും ചിത്രത്തിലെ പ്രധാന ഘടകമാണ്. തിരുവനന്തപുരമാണ് പ്രധാന ലൊക്കേഷന്‍. എറണാകുളത്തും ഷൂട്ടിംഗ് നടന്നു. വിഷയത്തിന്റെ ഗൗരവം പോകാതെ തന്നെ നര്‍മ സ്വഭാവത്തിലാണ് കഥ പറയുക.
Mammootty’s ‘One’ gearing for a release . Santhosh Viswanath is helming the movie. Script by Bobby-Sanjay. Here is the trailer.