രഞ്ജിത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഡ്രാമ നവംബര്‍ 2ന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റൈ പുതിയ ടീസര്‍ പുറത്തുവന്നു. ഏറക്കുറേ മുഴുവനായും ലണ്ടനില്‍ നടക്കുന്ന കഥയാണ് ഡ്രാമ പറയുന്നത്. ഈ കൂട്ടുകെട്ടിലെ മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി മാസ് ഘടകങ്ങള്‍ തീരെയില്ലാത്ത ഒരു ചിത്രമായിരിക്കും ഡ്രാമ. തമാശയും സെന്റിമെന്റ്സും ഫാമിലി ഡ്രാമയുമെല്ലാം ചേര്‍ന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന.
നേരത്തേ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നിരവധി സ്റ്റിലുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മലയാളത്തില്‍ ഇതുവരെ വരാത്ത സ്വഭാവത്തിലുള്ള ചിത്രമാണിതെന്നാണ് ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്. വളരേ വേഗത്തില്‍ ഒരുക്കിയ ഈ പ്രൊജക്റ്റില്‍ ഏറെ പ്രതീക്ഷയാണ് താരത്തിനുള്ളത്.
ബന്ധുക്കള്‍ക്കൊപ്പം താമസിക്കാന്‍ ലണ്ടനില്‍ എത്തുന്ന ഒരു വയോധിക മരണപ്പെടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഹാസ്യത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിക്കുന്നതെന്നാണ് സൂചന. ശ്യാമപ്രസാദ്, ദിലീഷ് പോത്തന്, ജോണി ആന്റണി, കനിഹ, കോമള്‍ ശര്‍മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന അഭിനേതാക്കളായുണ്ട്. വിനു തോമസാണ് സംഗീതം നല്‍കുന്നത്. ഛായാഗ്രഹണം അഴകപ്പനും എഡിറ്റിംഗ് പ്രശാന്ത് നാരായണനും നിര്‍വഹിക്കുന്നു.