കൈരളി ടിവിയിലെ അശ്വമേധം പരിപാടിയിലൂടെ ശ്രദ്ധേയനായ ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്ത സ്വര്‍ണ മല്‍സ്യങ്ങള്‍ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നപ്പോള്‍ കൈരളി ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടിയാണ് മുഖ്യാതിഥിയായി എത്തിയത്. ഒട്ടേറേ പ്രതിസന്ധിയിലായിട്ടും വീടു വരെ നഷ്ടമായിട്ടും താന്‍ കൈവിട്ടുകളയാതിരുന്നത് മമ്മുക്ക തനിക്കു തന്ന കുതിരയുടെ രൂപത്തിലുള്ള സമ്മാനമാണെന്ന് പ്രദീപ് പറഞ്ഞു. ഇത് വസ്ത്രത്തില്‍ കുത്തിക്കൊണ്ടാണ് പ്രദീപ് ചടങ്ങിനെത്തിയത്.
” എന്നോട് ഇന്നിവിടെ വന്ന കൊച്ചുകുട്ടി മുതല്‍ മുതിര്‍ന്നവര്‍ വരെ ചോദിച്ചു ഇതെന്താണെന്ന്. പലതും നഷ്ടപ്പെട്ടിട്ടും വീട് പോലും പോയിട്ടും ഒരു പ്രതിസന്ധിയിലും ഞാന്‍ വില്‍ക്കാതെയും പണയം വെക്കാതെയും സൂക്ഷിച്ച ഒന്നാണിത്. ഇത് എന്നെ ഞാനാക്കിയ, അശ്വമേധം എന്ന പരിപാടി 500 അധ്യായങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍, കൈരളി ടിവിയുടെ ചെയര്‍മാനായ നമ്മുടെ, എന്റെ മമ്മൂക്ക ഷര്‍ട്ടില്‍ കുത്തി തന്നതാണ് ഈ കുതിര. ഏത് വസ്ത്രം ധരിച്ചാലും എവിടെ പോയാലും ഞാനിത് കുത്തും. ഇത് ധരിക്കുമ്‌ബോള്‍ മനസുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ തെറ്റായത് ചെയ്യരുതെന്ന ഓര്‍പ്പെടുത്തലാണ്’ ജിഎസ് പ്രദീപ് പറഞ്ഞു.