എച്ച് വിനോദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന തല അജിത് ചിത്രം’വലിമൈ’യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് അജിത് എത്തുന്നത്. നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തിനു ശേഷം എച്ച് വിനോദും അജിതും ഒന്നിക്കുന്ന ഈ ചിത്രം പൊങ്കല്‍ റിലീസായി എത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അടുത്തിടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ആഫ്രിക്കന്‍ ലൊക്കേഷനുകളിലാണ് അവസാന ഷെഡ്യൂള്‍ ഷൂട്ടിംഗ് നടന്നത്. ബൈക്ക് സ്റ്റണ്ട് ഉള്‍പ്പടെ ഏറെ ചെലവേറിയ രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് വിവരം.
വലിമൈ ഹിന്ദിയിലും പുറത്തിറക്കുന്നതിനാണ് ശ്രമിക്കുന്നത്.പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ള, രാജ്യ വ്യാപകമായി വൈഡ് റിലീസുള്ള ആദ്യ അജിത് ചിത്രമായേക്കും വലിമൈ. നേരത്തേ പൂനെ, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ ലൊക്കേഷനുകളിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു.
ഹുമ ഖുറേഷി നായികയായി എത്തുന്ന ചിത്രത്തില്‍ പ്രസന്നയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അജിതിന്‍റെ ക്ലീന്‍ ഷേവും കറുപ്പിച്ച മുടിയും കണ്ണടയുമായുള്ള ഒരു ലുക്കും താടിയില്ലാതെ നരച്ച ഒരു നേര്‍ത്ത മീശയുമായുള്ള ഗെറ്റപ്പും പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയില്‍ അജിത്തിന് പരുക്കേറ്റതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നേര്‍കൊണ്ട പാര്‍വൈയുടെ നിര്‍മാതാവായ ബോണി കപൂര്‍ തന്നെയാണ് പുതിയ ചിത്രവും നിര്‍മിക്കുന്നത്.
Here is the first glimpse of Thala Ajith Kumar’s Valimai. The H Vinod directorial have Huma Qureshi as the female lead, Prasanna as the antagonist.