മമ്മൂട്ടി ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി ആരംഭിച്ച ചിത്രം മാമാങ്കത്തിന്റെ സംവിധായകനും നിര്‍മാതാവുമായുള്ള തര്‍ക്കത്തില്‍ കൂടുതല്‍ വാദങ്ങള്‍ ഉയര്‍ന്നു വരുന്നു. അടുത്തു തന്നെ സംവിധായകന്‍ സജിവ് പിള്ളയുടെ ആരോപണങ്ങള്‍ സംബന്ധിച്ച് നിര്‍മാതാവ് വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിംസ് ഒരു വിശദീകരണ കുറിപ്പ് പുറത്തിറക്കും. സജിവ് പിള്ളയെ നീക്കം ചെയ്ത ശേഷം ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ കണ്ണൂരില്‍ ആരംഭിച്ച് കഴിഞ്ഞു. എം പത്മകുമാറാണ് ഇപ്പോള്‍ പൂര്‍ണമായും സംവിധാനം ചെയ്യുന്നത്.
പ്രതിസന്ധി നീക്കുന്നതിനായി പ്രൊഡ്യൂസേര്‍സ് അസോസിയേഷനും ഫെഫ്കയും ഇരുവിഭാഗവുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ തന്നെ ആക്രമിക്കാന്‍ ശ്രമം നടക്കുന്നതായും അതിനു പിന്നില്‍ മാമാങ്കത്തിന്റെ പ്രൊഡക്ഷന്‍ ടീം ഉള്ളതായും സംശയിക്കുന്നതായി മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ സജിവ് പിള്ള പറയുന്നു. പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കാനാണ് ശ്രമിച്ചതെന്നും എന്നാല്‍ സജിവ് പിള്ള പരസ്യ പ്രതികരണം നടത്തുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുമെന്നും കാവ്യ ഫിലിംസ് പറയുന്നു.
പ്രൊഡ്യൂസേര്‍സ് അസോസിയേഷന്റെ ചര്‍ച്ചയുടെ ഭാഗമായി ആദ്യ രണ്ട് ഷെഡ്യൂളുകളിലെ ചില രംഗങ്ങള്‍ കണ്ടുവെന്നും തീര്‍ത്തും നിരാശാജനകമായ ജോലിയാണ് സജിവ് ചെയ്തിരിക്കുന്നതെന്നും സംഘടനയുടെ മുതിര്‍ന്ന പ്രതിനിധിയായ ജി സുരേഷ് കുമാര്‍ പറയുന്നു. എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ അഭിപ്രായമാണ് പങ്കുവെച്ചത്. പ്രൊജക്റ്റ് ഉപേക്ഷിക്കാന്‍ സുരേഷ്‌കുമാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ട് ചെറിയ ഷെഡ്യൂളുകള്‍ക്കായി 13 കോടിയോളം ചെലവാക്കിയ സ്ഥിതിക്ക് ചിത്രം യാഥാര്‍ത്ഥ്യമാക്കണമെന്ന് വാശിയിലാണ് വേണു കുന്നപ്പള്ളി. വരിക്കാശേരി മന പോലൊരു ലൊക്കേഷനില്‍ 50 ലക്ഷം രൂപ മുടക്കി ഒരുക്കാവുന്ന രണ്ടാം ഷെഡ്യൂളിനായി 3 കോടി രൂപയ്ക്കടുത്ത് മുടക്കി സെറ്റ് നിര്‍മിച്ചുവെന്നും അമിത ചെലവ് വരുത്തിവെക്കുന്നതായിരുന്നു സജിവിന്റെ പ്രവര്‍ത്തനങ്ങളെന്നും സുരേഷ് കുമാര്‍ പറയുന്നു.
ഒരു തരത്തിലുള്ള ഭീഷണിയും ചര്‍ച്ചക്കിടെ ഉണ്ടായിട്ടില്ല. കരാര്‍ പ്രകാരം സംവിധാകനെ നീക്കാന്‍ നിയമപരമായ അധികാരം പ്രൊഡക്ഷന്‍ ടീമിനുണ്ടൈന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പ്രതികരണത്തില്‍ സുരേഷ്‌കുമാര്‍ പറയുന്നു. പദ്മകുമാറിനൊപ്പം സജിവിനെ കൂടി ഉള്‍പ്പെടുത്താനാണ് നിര്‍ദേശിച്ചത്. എന്നാല്‍ ചിത്രത്തെ നയിക്കണമെന്ന കാര്യത്തില്‍ സജിവിന് നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു. തങ്ങളെ അറിയിച്ച് വീണ്ടും ഷൂട്ടിംഗ് തുടങ്ങിയാല്‍ മതിയെന്നായിരുന്നു പറഞ്ഞതെങ്കിലും ഇപ്പോള്‍ അറിയിക്കാതെയാണ് ഷൂട്ട് തുടങ്ങിയതെന്നും പത്മകുമാറിനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 35-40 കോടി രൂപ ചിത്രത്തിന് വേണ്ടി വരുമെന്നാണ് കരുതുന്നത്.