മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെയാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ്വ് എന്ന ചിത്രവും പ്രിയാ വാര്യര്‍ എന്ന പുതുമുഖ താരവും ആഗോള പ്രസിദ്ധിയിലേക്കെത്തിയത്. ഈ വര്‍ഷം ആദ്യമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ഷൂട്ടിംഗ് പല പ്രതിസന്ധികളുടെയും തര്‍ക്കങ്ങളുടെയും ഭാഗമായി നീണ്ടു പോകുകയായിരുന്നു. നിര്‍മാതാവ് ഔസേപ്പച്ചനുമായുള്ള തര്‍ക്കങ്ങള്‍ തീര്‍ത്ത് തിരക്കഥയില്‍ വരുത്തിയ തിരുത്തലുകളോടെ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കുകയായിരുന്നു. പ്രിയാ വാര്യര്‍ക്ക് പ്രാധാന്യം വര്‍ധിപ്പിക്കുന്ന തരത്തില്‍ തിരുത്താന്‍ നിര്‍മാതാവ് ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണ് സൂചന.
പ്രിയാ വാര്യരും ഒമര്‍ ലുലുവും ഇതിനിടെ പിണക്കത്തിലായെന്നും സെറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അവസാന ഷെഡ്യൂളില്‍ പ്രിയ സംവിധായകനോട് സംസാരിക്കാന്‍ പോലും തയാറായില്ലെന്നും ഇതിനാല്‍ അസോസിയേറ്റ്‌സ് മുഖേനയാണ് പ്രിയക്കുള്ള രംഗങ്ങള്‍ വിശദീകരിച്ച് നല്‍കിയിരുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ചിത്രത്തിലെ ഫ്രീക്ക് പെണ്ണേ എന്ന പാട്ടിന് ലഭിച്ച ഡിസ്ലൈക്കുകള്‍ പ്രിയയോടുള്ള പ്രേക്ഷകരുടെ ദേഷ്യം കാരണമാണെങ്കില്‍ അത് ചിത്രത്തോട് കാണിക്കരുതെന്ന് ഒമര്‍ ലുലു പറഞ്ഞിരുന്നു.
ചിത്രം നവംബറില്‍ തിയറ്ററുകളിലെത്തിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഒമര്‍ ലുലു പറഞ്ഞത്. ഒരു അഡാറ് ലവ്വ് പൂര്‍ത്തിയാക്കിയ ശേഷം മാത്രമായിരിക്കും പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ചിത്രങ്ങളിലേക്ക് ഒമര്‍ നീങ്ങുക. പുതുമുഖങ്ങള്‍ അണിനിരക്കുന്ന വൈറല്‍ 2019, ബാബു ആന്റണി നായകനാകുന്ന പവര്‍ സ്റ്റാര്‍, ജയറാം ചിത്രം, ഹാപ്പി വെഡ്ഡിംഗ് തമിഴ് തുടങ്ങിയവയെല്ലാം ഒമര്‍ ലുലു പ്രഖ്യാപിച്ചിട്ടുണ്ട്.