സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരേ ഒരുവിഭാഗം സിനിമാ പ്രവര്‍ത്തകരും സാംസ്‌കാരിക നായകരും നല്‍കിയ ഭീമഹര്‍ജിയില്‍ വിവാദം കൊഴുക്കുന്നു. ഇത്തരമൊരു ഹര്‍ജിയില്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ് രാജും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് സന്തോഷ് തുണ്ടത്തിലും വ്യക്തമാക്കിയതിന് പിന്നാലെ അവാര്‍ഡ് ജേതാക്കളെ ഉള്‍പ്പടെയുള്ളവര്‍ ഹര്‍ജിക്കെതിരേ രംഗത്തെത്തിയിരുന്നു. നാലു പതിറ്റാണ്ടോളം സിനിമയില്‍ സംഭാവന നല്‍കിയ മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാഥിതിയാക്കുന്നതില്‍ ഒരു അനൗചിത്യവുമില്ലെന്നും ഇത് അവാര്‍ഡ് ജേതാക്കളുടെ പ്രഭ കുറയ്ക്കുന്നില്ലെന്നും അവര്‍ക്ക് കൂടി സന്തോഷകരമായ കാര്യമാണെന്നുമാണ് നിരവധി പേര്‍ പ്രതികരിച്ചത്.
ഇപ്പോള്‍ മോഹന്‍ലാലിനെതിരായ ഈ നീക്കത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എഎംഎംഎ, കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ (കേരള), ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്ക്), ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക) തുടങ്ങിയ സംഘടനകളുടെ ഭാരവാഹികള്‍ സംയുക്തമായി സര്‍ക്കാരിന് നിവേദനം നല്‍കിയിരിക്കുകയാണ്. മോഹന്‍ലാലിനെ ഇതുവരെ ക്ഷണിച്ചിട്ടില്ലെന്ന് സര്‍ക്കാരും മോഹന്‍ലാലും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരമൊരു ആലോചന നടന്നപ്പോള്‍ തന്നെ ചടങ്ങില്‍ മുഖ്യാതിഥിയെ പങ്കെടുപ്പിക്കുക എന്ന ആശയത്തിനെതിരേ എന്ന രീതിയില്‍ നല്‍കിയ ഭീമഹര്‍ജി മോഹന്‍ലാലിനെതിരായ നീക്കമാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.