കേരളത്തിനു പുറത്ത് പുതുതലമുറ മലയാള സിനിമയുടെ പ്രതീകമായി അറിയപ്പെടുന്ന പേരുകളില്‍ ഒന്നാണ് ഫഹദ് ഫാസില്‍. മലയാള ചിത്രങ്ങളിലൂടെ തന്നെ താരത്തിന് മികച്ച സ്വീകാര്യത മറ്റ് ഭാഷാ പ്രേക്ഷകര്‍ക്കിടയിലുണ്ട്. മലയാളത്തിനു പുറത്ത് രണ്ട് തമിഴ് ചിത്രങ്ങള്‍ മാത്രമാണ് ഫഹദ് ഇതുവരെ ചെയ്തിട്ടുള്ളത്. ഭാഷ കൈകാര്യം ചെയ്യുന്നതിലെ ആത്മവിശ്വാസ കുറവാണ് മറ്റ് ഭാഷാ ചിത്രങ്ങള്‍ സ്വീകരിക്കുന്നതിനുള്ള തടസ്സമായി പലപ്പോഴും താരം പറയുന്നത്.
ഇപ്പോള്‍ ബോളിവുഡ് സംവിധായകന്‍ നിതിഷ് തിവാരിക്കൊപ്പം ഒരു ചിത്രത്തിന് ഫഹദ് ഒന്നിക്കുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇക്കാര്യത്തിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ല. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ദംഗലിന്റെ സംവിധാകനാണ് നിതിഷ് തിവാരി. ഫഹദിനൊപ്പം ജോലി ചെയ്യാനുള്ള താല്‍പ്പര്യം മുമ്പ് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ബോളിവുഡില്‍ നിന്നും തനിക്ക് പല ചിത്രങ്ങളിലേക്കും ക്ഷണം വന്നിട്ടുണ്ടെന്നും സമീപ ഭാവിയില്‍ ഒരു പക്ഷേ ഒരു ചിത്രത്തിന് സമ്മതം മൂളിയേക്കും എന്ന സൂചന അടുത്തിടെ ഒരു അഭിമുഖത്തില്‍ ഫഹദ് നല്‍കിയിരുന്നു. വിശാല്‍ ഭരദ്വാജുമായി സൗഹൃദം ഉണ്ടെന്നും താരംവിവരിച്ചു.
‘ വിശാല്‍ ഭരദ്വാജുമായി എപ്പോഴും ചര്‍ച്ചകള്‍ നടത്താറുണ്ട്. അടുത്തിടെ മനോഹരമായ ഒരു തിരക്കഥ വിശാല്‍ അയച്ചു തന്നു. അതില്‍ ഇപ്പോഴും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. അത്രയും മനോഹരമായ തിരക്കഥ. അത് യാഥാര്‍ത്ഥ്യമാക്കണമെന്നും എനിക്ക് അവിടെ എന്തെങ്കിലും ചെയ്യണമെന്നുണ്ടെന്നും ഞാന്‍ മെസേജ് അയച്ചിട്ടുണ്ട്, കാത്തിരുന്ന് കാണാം’ ഫഹദ് പറയുന്നു.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ബിഗ്ബജറ്റ് ചിത്രം മാലിക്കാണ് ഫഹദിന്റേതായി പൂര്‍ത്തിയാക്കപ്പെട്ട് റിലീസ് കാത്തിരിക്കുന്നത്. മഹേഷ് തന്നെ സംവിധാനം ചെയ്യുന്ന ഒന്നരമണിക്കൂര്‍ നീളമുള്ള പരീക്ഷണ ചിത്രത്തിലാണ് താരം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
Fahadh Faasil may join with Dangal director Mahesh Thiwari for a Bollywood movie. Speculations are nor confirmed yet.