New Updates

രജനികാന്ത് ചിത്രം ഉപേക്ഷിച്ചുവെന്ന് ഫഹദ് ഫാസില്‍

ഇപ്പോള്‍ തിയറ്ററുകളില്‍ നിറഞ്ഞോടുന്ന മണിരത്‌നം ചിത്രം ചെക്ക ചെവന്ത വാനത്തിലെ വേഷം ഉപേക്ഷിച്ചതിലൂടെ നേരത്തേ ഫഹദ് ഫാസില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തനിക്ക് ആ കഥാപാത്രത്തെ വേണ്ടത്ര മനസിലാക്കാന്‍ സാധിച്ചില്ലെന്നും ഇക്കാര്യം മണിരത്‌നത്തിനും തിരിച്ചറിയാനാകുമെന്നുമാണ് പിന്നീട് ഫഹദ് അതിനെക്കുറിച്ച് പറഞ്ഞത്. ഇപ്പോഴിതാ തമിഴില്‍ നിന്നുള്ള മറ്റൊരു വന്‍ ഓഫറും താന്‍ നിരസിച്ചതായി ഫഹദ് വെളിപ്പെടുത്തിയിരിക്കുന്നു.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം പേട്ടയിലേക്കാണ് ഫഹദിന് ക്ഷണമുണ്ടായിരുന്നത്. എന്നാല്‍ അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനുമായുള്ള ഡേറ്റ് പ്രശ്‌നം കാരണമാണ് ചിത്രം ഉപേക്ഷിച്ചത്. എന്നാല്‍ ഫഹദിന്റെ തീരുമാനം ശരിയായെന്നാണ് വരത്തന്റെ വിജയം വ്യക്തമാക്കുന്നത്.

നിലവില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന പേട്ടയില്‍ രജനിക്കൊപ്പം വിജയ് സേതുപതിയും ശശികുമാറും പ്രധാന വേഷങ്ങളിലുണ്ട്. സണ്‍ പിക്‌ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ സിമ്രാനുും മേഘ ആകാശുമാണ് നായികമാര്‍. മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരിയും ചിത്രത്തിന്റെ ഭാഗമാണ്. ബോബി സിംഹയും മെര്‍ക്കുറി ഫെയിം സന്നത് റെഡ്ഡിയും ചിത്രത്തില്‍ എത്തുന്നുണ്ട്. രജനിയുടെ മക്കള്‍ വേഷത്തിലാണ് ഇരുവരും എത്തുക എന്നാണ് സൂചന. അനിരുദ്ധാണ് ഈ ചിത്രത്തിന് സംഗീതം നല്‍കുന്നത്.

വേലക്കാരനിലെ വില്ലന്‍ വേഷത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച ഫഹദിന്റെ അടുത്ത് പുറത്തിറങ്ങുന്ന തമിഴ് ചിത്രം സൂപ്പര്‍ ഡീലക്‌സാണ്.

കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ