സംവിധായകന്‍ എന്ന നിലയില്‍ സ്ഥാനമുറപ്പിച്ച റോഷന്‍ ആന്‍ഡ്രൂസ് ഇപ്പോള്‍ നടനായും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഉണ്ണി ആറിന്റെ തിരക്കഥയില്‍ റോഷന്‍ സംവിധാനം ചെയ്ത ‘പ്രതി പൂവന്‍ കോഴി’യില്‍ നിശ്ചയിച്ചിരുന്ന നടന്‍ ഡേറ്റ് പ്രശ്‌നവും പ്രതിഫല തര്‍ക്കവും മൂലം പിന്‍മാറിയപ്പോഴാണ് ഈ വേഷം സംവിധായകന്‍ തന്നെ തെരഞ്ഞെടുത്തത്. മഞ്ജു വാര്യര്‍ മുഖ്യ വേഷത്തില്‍ എത്തിയ ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കുമ്പോള്‍ നടന്‍ എന്ന നിലയിലും റോഷന്‍ കൈയടി നേടുന്നുണ്ട്.
‘അഭിനയം ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. കോളെജില്‍ മിമിക്രിയും നാടകവുമായി നടന്നിട്ടുണ്ട്. പിന്നീട് തൃപ്പൂണിത്തുറ ഭാസഭേരിയില്‍ ചന്ദ്രദാസന്‍ സാറിന്റെ നാടകക്കളരിയില്‍ അംഗമായിരുന്നു. സ്റ്റന്‍സിലാവിസ്‌കിയുടെ ‘ആന്‍ ആക്റ്റര്‍ പ്രിപ്പയേഴ്‌സ്’ വായിച്ചപ്പോള്‍ കിട്ടിയ കാര്യങ്ങളാണ് ഉദയഭാനുവിലും നിരുപമയിലും ആന്റണി മോസസിലും പച്ചാളം ഭാസിയിലും ഞാന്‍ പ്രയോഗിച്ചത്. ഇവരെല്ലാം എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. എന്റെ പത്തു സിനിമയില്‍ ഒരു ചെറിയവേഷം പോലും ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല. ഒരു ഫ്രെയിമിലുള്ള ഒരാള്‍ മോശമായാല്‍ അതൊരു കല്ലുകടിയാകും. നടനാകാന്‍ മോഹമുണ്ടായിരുന്നതു കൊണ്ടാണ് നാടകങ്ങളില്‍ അഭിനയിച്ചത്.’ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റോഷന്‍ പറയുന്നു.
പല പ്രതിസന്ധികളിലൂടെയും കടന്നുപോകേണ്ടി വന്നിട്ടുണ്ടെന്നും റോഷന്‍ അഭിമുഖത്തില്‍ പറയുന്നു. ‘കഴിഞ്ഞ ആറുവര്‍ഷത്തിനിടെ അപ്പച്ചനും അമ്മച്ചിയും സഹോദരനും എന്നെ വിട്ടുപോയി. സ്വന്തം വീട് ജപ്തി ചെയ്യുന്നതു കണ്ടുനിന്നയാളാണ് ഞാന്‍. അത്രമേല്‍ കണ്ണീര്‍ കുടിച്ചിട്ടുണ്ട്. അടുത്തിടെ ഒരു സംഭവത്തില്‍ എന്നെ മോശമാക്കിക്കാണിക്കാന്‍ ഒരു ശ്രമം നടന്നു. ഞാന്‍ ഒരു നല്ലകാര്യത്തിനു വേണ്ടി ഒരാള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിച്ചതാണ്. ശത്രുക്കളെ തിരിച്ചറിയാന്‍ അതുകൊണ്ടു കഴിഞ്ഞു. എനിക്ക് ആരോടും വഴക്കും പരിഭവവുമില്ല. എനിക്കു വേണ്ടത് മനഃസമാധാനമാണ്. ഞാന്‍ സൈഡില്‍ക്കൂടി പൊയ്‌ക്കോളാം’
Director Roshan Andrews made his debut as an actor in his new film ‘Prathi PoovanKozhi’. Here are some takes from his recent interview.