രണ്ടര പതിറ്റാണ്ടിനു ശേഷം മമ്മൂട്ടി തെലുങ്കില്‍ തിരിച്ചുവരവ് നടത്തിയ യാത്ര മികച്ച വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് തിയറ്റര്‍ കളക്ഷന്‍ 30 കോടിക്കു മുകളില്‍ എത്തിയിട്ടുണ്ട്. മഹി വി രാഘ വ് സംവിധാനം ചെയ്ത ചിത്രം ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഒരേടാണ് പ്രമേയമാക്കിയത്. ഇപ്പോഴിതാ മഹി വി രാഘവിന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരികയാണ്. ദുല്‍ഖര്‍ സല്‍മാനായി അദ്ദേഹം അടുത്ത ചിത്രമൊരുക്കുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മഹാനടി എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറ്റം കുറിച്ച ദുല്‍ഖറിന് മികച്ച അവസരങ്ങള്‍ ടോളിവുഡില്‍ നിന്നും വരുന്നുണ്ട്. മികച്ച എന്റര്‍ടെയ്‌നറായാണ് മഹി-ദുല്‍ഖര്‍ ചിത്രം പദ്ധതിയിടുന്നത്. പ്രമുഖമായൊരു ബാനറാണ് നിര്‍മാണ ചുമതല ഏറ്റെടുത്തിട്ടുള്ളതെന്നാണ് സൂചന. ദുല്‍ഖര്‍ ചിത്രത്തിന് സമ്മതം മൂളിക്കഴിഞ്ഞെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.