കോവിഡ് ബാധ ഗുരുതരാവസ്ഥയില്‍ എത്തിച്ചു, രണ്ടാം ജന്മമെന്ന് എംഎ നിഷാദ്

കൊറോണ ബാധ തന്നെ ഗുരുതരാവസ്ഥയില് എത്തിച്ചെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ എംഎ നിഷാദ്. ഇത് തന്‍റെ രണ്ടാം ജന്മമമാണെന്നും കോവിഡിനെ നിസാരമായി കാണരുതെന്നും നിഷാദ് പറയുന്നു. സിപിഐ പ്രവര്‍ത്തകന്‍ കൂടിയായ നിഷാദിന് ഇലക്ഷന്‍ പ്രചാരണത്തിനിടെ ആണ് കോവിഡ് ബാധ ഉണ്ടായിരിക്കുന്നത്. നിഷാദ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്,

“രണ്ടാം ജന്മം….എങ്ങനെയെഴുതണമെന്ന് എനിക്കറിയില്ല…എവിടെ തുടങ്ങണമെന്നും…
പക്ഷെ,ജീവിതത്തിലെ,ഒരു നിർണ്ണായകഘട്ടം,അത് കടന്ന് വന്ന വഴി, നിങ്ങൾ സുഹൃത്തുക്കളെ അറിയിക്കണമെന്നുളളത് എന്‍റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു…
തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി,കൂടുതൽ സമയവും,ഞാൻ പുനലൂരിലായിരുന്നു…
വിശ്രമമില്ലാത്ത നാളുകളിൽ എപ്പോഴോ കോവിഡ് എന്ന വില്ലൻ,എന്നെയും ആക്രമിച്ചു…
മാധ്യമ സുഹൃത്തായ ന്യൂസ് 18 ലെ മനോജ് വൺമളയിൽ നിന്നാണ്,എനിക്കും രാജേഷ് ചാലിയക്കരക്കും,കോവിഡ് പിടിപെട്ടത്… പുനലൂർ താലൂക്ക് ആശുപത്രിയിലെ,സൂപ്രണ്ട് ഡോ.ഷഹർഷാ,ഞങ്ങളോട് ഹോം ക്വാറന്റ്റൈനിൽ പോകാൻ നിർദ്ദേശിച്ചു… അതനുസരിച്ച് എന്റ്റെ പുനലൂരിലെ വീട്ടിൽ,ഞങ്ങൾ ക്വാറന്റ്റൈനിൽ പ്രവേശിച്ചു.. സുഹൃത്തുക്കളും,പാർട്ടീ സഖാക്കളും,എല്ലാ വിധ
സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു..

കോവിഡ് രോഗം ബാധിച്ചത് ഒരു വ്യാപക പ്രചരണമായി മാറാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല…
കോവിഡ് ബാധിച്ച അഞ്ചാം നാൾ മുതൽ എന്റ്റെ ആരോഗ്യം വഷളായി തുടങ്ങി. വൈറസ്സ് എന്‍റെ ശരീരത്തിൽ അതിന്റ്റെ സംഹാര താണ്ഡവം ആടി തുടങ്ങി… അത് മനസ്സിലായത്, ചുമച്ചപ്പോൾ കണ്ട രക്ത കറകളിലാണ്…
ഉടൻ തന്നെ ഞാൻ ഡോ ഷഹർഷായെ വിളിച്ചു… അദ്ദേഹം ആമ്പുലൻസ് തയ്യാറാക്കി… ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചർ വിവരം അറിഞ്ഞപ്പോൾ തന്നെ എന്നെ വിളിച്ചു..എന്ത്
സഹായത്തിനും കൂടെയുണ്ട് എന്ന കരുതൽ നിറഞ്ഞ ഉറപ്പും നൽകി…

തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്യാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ,സെക്രട്ടറി പ്രഭാവർമ്മ സാർ നിർദ്ദേശിച്ചു.. പ്രഭാവർമ്മ സാർ,അങ്ങയോടുളള നന്ദി ഞാൻ എങ്ങനെ പ്രകടിപ്പിക്കും..
സ്വകാര്യ ആശുപത്രിയിൽ പോകാനിരുന്ന എന്നെ,തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മതി
എന്നുളളത് വർമ്മ സാറിന്‍റെ തീരുമാനമായിരുന്നൂ… ബഹുമാനപ്പെട്ട മന്ത്രി ശ്രീ കടകമ്പിളളി സുരേന്ദ്രൻ വിവരം അറിഞ്ഞ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ഷർമ്മിദിനെ ബന്ധപ്പെട്ടു…എനിക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കണമെന്നും നിർദ്ദേശിച്ചു… ഡോ ഷർമ്മിദ് എന്റ്റെ ബന്ധു
വാണ്…അദ്ദേഹം എന്നെ അഡ്മിറ്റ് ചെയ്യാനുളള എല്ലാ നടപടികളും ചെയ്തു… പുനലൂരിൽ നിന്നും,ഉണ്ണി എന്ന
സഹോദരൻ,എന്നെയും കൊണ്ട് ആമ്പുലൻസുമായി തിരുവനന്തപുരത്തേക്ക്…. ജീവിതത്തിലാദ്യത്തെ ആമ്പുലൻസ് യാത്ര… മെഡിക്കൽ കോളജിൽ അഡ്മിറ്റായ ശേഷവും,പനിയും,ക്ഷീണവും വിട്ടു മാറിയില്ല…
പതിനാറാം തിയതി തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ,ഒരുപാട് സന്തോഷം തോന്നി… കേരളം ചുവപ്പണിഞ്ഞതിന്റ്റെ സന്തോഷം…. പുനലൂർ നിലനിർത്തിയതിന്റ്റെ സന്തോഷം….
പതിനാറിന് രാത്രിയിൽ എനിക്ക് ശ്വാസം മുട്ട് തുടങ്ങി…

അന്ന് രാത്രി ഓക്സിജന്റ്റെ സഹായത്തോടെയാണ് ഞാൻ ഉറങ്ങിയത്… പിറ്റേന്ന് രാവിലെ സ്ക്കാനിംഗിന് വിധേയനായി..ശ്വാസകോശത്തെ പതുക്കെ വൈറസ് ബാധിച്ചിരിക്കുന്നു… ഓക്സിജൻ ലെവൽ താഴുന്നു….
ഉടൻ തന്നെ,തീവ്ര പരിചരണ വിഭാഗത്തിലേക്ക് ( I C U) എന്നെ മാറ്റാൻ തീരുമാനിച്ചു..
ഉമ്മയും വാപ്പയും അറിയണ്ട എന്നാണ് ഞാൻ ആഗ്രഹിച്ചത്. അവർ വിഷമിക്കുമല്ലോ,ഓർമ്മകളുടെ താളം തെറ്റി,മറവിരോഗാവസ്ഥയിൽ കഴിയുന്ന വാപ്പ അറിയുന്നത് എനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു…
പക്ഷെ എന്റ്റെ ഉമ്മ ഇതിനോടകം അറിഞ്ഞിരുന്നു. ഉമ്മയോടും,എന്റ്റെ ഭാര്യ ഫസീനയോടും ഒരുപാട് നേരം സംസാരിച്ചു…ഉമ്മ നൽകിയ ധൈര്യം ചെറുതല്ലായിരുന്നു…
ഐ സു വിലേക്ക് കൊണ്ടു പോകുന്നതിന് മുമ്പ് കോവിഢ് നെഗറ്റീവായെന്ന ആശ്വാസകരമായ വാർത്ത കേൾക്കാൻ പറ്റിയത്,ചെറുതല്ലാത്ത സന്തോഷം നൽകിയെങ്കിലും.. എന്റ്റെ ശരീരത്തിൽ നല്ല പ്രഹരം ഏൽപ്പിച്ചിട്ട് തന്നെയാണ് വൈറസ്സ് പോയത്….ജീവിതത്തിൽ ഇന്നു വരെ ആശുപത്രി കിടക്കയിൽ കിടന്നിട്ടില്ലാത്ത ഞാൻ അങ്ങനെ ഐ സി യു വിലേക്ക്….

തിരുവനന്തപുരം മെഡിക്കൽ കോളജിലെ,ultra modern covid speciality I C U..അവിടെയാണ് എന്നെ പ്രവേശിപ്പിച്ചത്….മൂന്ന് ദിവസം വെന്റ്റിലേറ്ററിൽ….പുറം ലോക വാർത്തകളും കാഴ്ച്ചകളും എനിക്കന്ന്യം….
ഞാൻ എനിക്ക് പരിചിതമല്ലാത്ത വേറൊരു ലോകം കണ്ടു….ഒരു വല്ലാത്ത മരവിപ്പ്….എന്റ്റെ ഉറ്റവരേയും,ഉടയവരേയും ഓർത്ത്….ആ കിടക്കയിൽ ഞാൻ….ദേഹം മുഴുവൻ ഉപകരണങ്ങൾ…
ഒന്ന് ഞാൻ പറയാം,തിരുവനന്തപുരം മെഡിക്കൽ കോളജ് പോലെ ഇത്രയും,സജ്ജീകരണങ്ങളും
വിദഗ്ധരും,മറ്റെവിടേയുമില്ല…നിസ്വാർത്ഥ സേവനത്തിന്‍റെ മകുടോദാഹരണമാണ് അവിടം…
എല്ലാ രോഗികളും അവിടെ സമന്മാരാണ്….എല്ലാവരേയും,ഒരേ കരുതലിൽ …വലുപ്പ ചെറുപ്പമില്ല….

വെന്‍റിലേറ്ററിലെ ആദ്യ ദിനങ്ങളിൽ,എന്‍റെ ശരീരത്ത് സൂചികളുടെ പറുദീസയായിരുന്നു….
എന്നും രക്ത സാമ്പിളുകൾ എടുത്തുകൊണ്ടേയിരുന്നു… മരുന്നും മറ്റും ട്രിപ്പിലൂടെ ഒഴുകി….
എന്റ്റെ മുന്നിൽ കിടന്നിരുന്ന ഒരമ്മച്ചിയുടെ മരണം ഞാൻ കണ്ടു….പിന്നെയും രണ്ട് മൂന്ന് മരണങ്ങൾ…
മനസ്സ് വല്ലാണ്ട് അസ്വസ്തമായി….അന്ന് മലയാളത്തിന്റ്റെ പ്രിയ സുഗതകുമാരി ടീച്ചറെ ഞാൻ കണ്ടു….എന്റ്റെ മൂന്ന് ബെഡ്ഡ് അകലെ…. ടീച്ചർ അവശയായിരുന്നു….രണ്ട് നാൾ കഴിഞ്ഞ് ടീച്ചറുടെ ചേതനയറ്റ ശരീരം എന്റ്റെ മുന്നിലൂടെ കടന്ന് പോകുന്നത് തീരാത്ത വേദനയായി….
ഞാനുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു ടീച്ചർക്ക്… പുനലൂർ തൂക്ക്പാല സമരത്തിൽ എന്റ്റെ ക്ഷണം സ്വീകരിച്ച് ടീച്ചർ അന്നെത്തിയിരുന്നു… ടീച്ചർക്ക് യാത്രാ മോഴി….

നാലാം നാൾ വെന്റ്റിലേറ്ററിന്റ്റെ സഹായമില്ലാതെ ഓക്സിജൻ മാസ്ക്കിലേക്ക് എന്നെ മാറ്റി… അനുജൻ ഷാലു, P P E കിറ്റും ധരിച്ച് എന്നെ കാണാൻ അകത്ത് വന്നു….അവന്റ്റെ മുഖം കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം അനുർവചനീയമാണ്…. ഞാൻ അഡ്മിറ്റായ അന്ന് മുതൽ അവൻ പുറത്തുണ്ട്… എന്റ്റെ രക്തം,എന്റ്റെ കരളിന്റ്റെ കരളാണവൻ… ഷാലുവിനെ പോലെ ഒരനുജനും,എന്റ്റെ പൊന്നു പെങ്ങളായ ഷൈനയുമാണ് എന്റ്റെ ശക്തി എന്റ്റെ പുണ്യം….അദ്ഭുതകരമായ മാറ്റം,അങ്ങനെയാണ് ഡോക്ടർ വിശേഷിപ്പിച്ചത്… നിമോണിയ വളരെ ചെറിയ തോതിലാണ് ബാധിച്ചത്…അത് തുടക്കത്തിൽ തന്നെ നിയന്ത്രണ വിധേയമാക്കി….
ഞാനൊരു കമ്മ്യൂണിസ്റ്റാണ്… അത് പോലെ ഒരു വിശ്വാസിയും….എന്റ്റെ ഉമ്മയുടെ പ്രാർത്ഥനകൾക്ക് നാഥൻ ഉത്തരം നൽകി….സർവ്വശക്തന്റ്റെ അപാരമായ കരുതലും,അനുഗ്രഹവും എനിക്ക് ലഭിച്ചു….

പേ വാർഡിലേക്ക് മാറിയ ദിവസം,ഞാൻ സൂര്യപ്രകാശം കൺകുളിർക്കെ കണ്ടു….
വീണ്ടും അഞ്ച് ദിവസം കൂടി ഒ പി യിൽ നിരീക്ഷണത്തിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചു…ശബ്ദ നിയന്ത്രണവും ഏർപ്പെടുത്തി… റൂമിൽ വന്ന ദിവസം,ഏറ്റവും ദുഖകരമായ വാർത്ത ഞാൻ,അറിഞ്ഞു….
അനിൽ നെടുമങ്ങാട് ഇനിയില്ല എന്ന സത്യം…. താങ്ങാവുന്നതിനുമപ്പുറമായിരുന്നു ആ വേർപ്പാട്….
എത്ര നേരം ഞാൻ കരഞ്ഞു എന്നെനിക്കറിയില്ല …എന്റ്റെ സഹോദര തുല്ല്യൻ…
അവൻ നല്ല നടനായിരുന്നു…ജീവിതത്തിൽ അഭിനയിക്കാനറിയാത്ത നല്ല നടൻ….
ആഴ്ച്ചയിലൊരിക്കൽ,നിഷാദിക്ക എന്ന വിളി ഇനിയില്ല….എന്തിനാടാ അനിലേ നീ ഇത്രയും വേഗം….
ജീവിതം അങ്ങനെയാണ്….

ഒരുമാസം പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുന്നു ഡോക്ടർമാർ… പൊതു പരിപാടികളില്ല…
സമൂഹ മാധ്യമങ്ങളിലൂടെ നമ്മുക്ക് സംവേദിക്കാം…എല്ലാവർക്കും നല്ലത് മാത്രം ആശംസിക്കുന്നു….
N B
കോവിഡ് നിസ്സാരമല്ല…ജാഗൃത വേണം…
മാസ്ക്ക് ധരിക്കണം…സാമൂഹിക അകലം പാലിക്കണം….

Director MA Nishad shared his COVID 19 experience in social media. He was relived from critical condition.

Latest Starbytes