ഡെന്നിസ് ജോസഫ് ഹിറ്റുകളുടെ ഓര്‍മചിത്രം

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ ഒരു ചിത്രത്തിലൂടെ തിരിച്ചുവരാനുള്ള പദ്ധതി ബാക്കിയാക്കിയാണ് മലയാളികളുടെ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചത്. ഇന്നലെ ഹൃദയാഘാതത്തിലൂടെ മരണം സംഭവിക്കുമ്പോള്‍ 63 വയസുകാരനായിരുന്ന ഡെന്നിസിന്റെ തിരക്കഥകളാണ് മലയാള സിനിമയെ മൂന്നു പതിറ്റാണ്ടുകളോളം നയിച്ച സൂപ്പര്‍സ്റ്റാര്‍ ദ്വന്ദങ്ങള്‍ക്ക് അടിത്തറ പാകിയത്. മമ്മൂട്ടിയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയ അദ്ദേഹം ആ താര പദവിയുടെ തുടക്കത്തില്‍ തന്നെ തന്റെ രചനകളിലൂടെ ഒപ്പമുണ്ടായിരുന്നു. ഇടക്കാലത്ത് ഈ കൂട്ടുകെട്ടിന് തിരിച്ചടി നേരിട്ടെങ്കിലും പിന്നീട് ന്യൂഡെല്‍ഹി എന്ന എക്കാലത്തെയും ക്ലാസിക്കിലൂടെ വമ്പന്‍ തിരിച്ചുവരവുണ്ടായി. മോഹന്‍ലാലുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന ഡെന്നിസ് ‘രാജാവിന്റെ മകനി’ലൂടെ സൂപ്പര്‍താര പരിവേഷത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്ക് കളമൊരുക്കി കൊടുത്തു.

വ്യത്യസ്ത സ്വഭാവങ്ങളിലുള്ള പ്രമേയത്തിനും പരിചരണത്തിനും ഇണങ്ങും വിധം തന്റെ രചനയെ ഒരുക്കിയെടുക്കാന്‍ ആ പ്രതിഭാശാലിക്കായി. മമ്മൂട്ടിയെ കോള്‍ഡ് ബ്ലഡഡ് ജി.കെ ആക്കിയ അതേ തൂലികയിലാണ് മനു അങ്കിളും കോട്ടയം കുഞ്ഞച്ചനും പിറന്നത്. രാജാവിന്റെ മകനായി മോഹന്‍ലാലിനെ അവതരിപ്പിച്ച തൂലിക തന്നെ ടിപി ബാലഗോപാലനെയും ടോണി കുരിശിങ്കലിനെയും സൃഷ്ടിച്ചു.

മനു അങ്കിള്‍, അഥര്‍വം പോലുള്ള ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ് അദ്ദേഹം.

ഒമര്‍ലുലുവിന്റെ സംവിധാനത്തില്‍ ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഈ ചിത്രത്തിന്റെ രചന ഏറക്കുറേ പൂര്‍ത്തിയായി കഴിഞ്ഞുവെന്നാണ് വിവരം. ഒമറിനായി തന്നെ ഒരു മമ്മൂട്ടി ചിത്രവും അദ്ദേഹം പദ്ധതിയിട്ടിരുന്നു.

Legendary writer Dennis Joseph Passed away. He wrote may super hits in late 80’s and 90’s.

Film scan Latest