Select your Top Menu from wp menus
New Updates

ഗീതു മോഹന്‍ദാസ് പറഞ്ഞത് കളവെന്ന് കോസ്റ്റിയും അസിസ്റ്റന്റ്, തെളിവായി വോയ്‌സ് റെക്കോഡ്

ഗീതു മോഹന്‍ദാസ് പറഞ്ഞത് കളവെന്ന് കോസ്റ്റിയും അസിസ്റ്റന്റ്, തെളിവായി വോയ്‌സ് റെക്കോഡ്

‘മൂത്തോന്‍’ സിനിമയുടെ വസ്ത്രാലങ്കാരവുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്. സംവിധായിക വിധു വിന്‍സെന്റിന്റെ ഡബ്ല്യുസിസിയില്‍ നിന്നുള്ള രാജിക്ക് പിന്നാലെയാണ് സംഘടനയുടെ നേതൃത്വത്തിലിരിക്കുന്ന സംവിധായിക ഗീതു മോഹന്‍ദാസ് കൂലി ചോദിച്ചതിന്റെ പേരില്‍ തന്നെ ഒഴിവാക്കിയെന്ന ആരോപണവുമായി സംവിധായിക സ്റ്റെഫി സേവ്യര്‍ എത്തിയത്. സ്റ്റെഫിയുടെ വാദത്തെ പിന്തുണച്ച് അസോസിയേറ്റ് ഡയറക്റ്ററായി പ്രവര്‍ത്തിക്കുന്ന ഐഷ സുല്‍ത്താനയും എത്തി. ഇന്നലെ ഗീതു ഇതിന് മറുപടി നല്‍കിയിരുന്നു. സിനിമയ്ക്കു വേണ്ടി മുഴുവനായും പ്രവര്‍ത്തിച്ചത് മറ്റൊരു കോസ്റ്റിയും ഡയറക്റ്ററാണെന്നും അവര്‍ പ്രസവാവധിക്ക് പോയപ്പോള്‍ താല്‍ക്കാലികമായാണ് സ്‌റ്റെഫിയെ നിയോഗിച്ചതെന്നും ജോലി തൃപ്തികരമല്ലെന്നുമാണ് ഗീതു പറയുന്നത്. പേമെന്റ് മുഴുവന്‍ നല്‍കിയെന്നും അതിനു മുമ്പ് സ്റ്റെഫിയുടെ അസിസ്റ്റന്റ് സിനിമയ്ക്കായി തയാറാക്കിയ വസ്ത്രങ്ങള്‍ എടുത്തുകൊണ്ടുപോയി വിലപേശിയെന്നും ഗീതു ആരോപിച്ചിരുന്നു. ഇപ്പോള്‍ ഇതിനു മറുപടിയായി സ്റ്റെഫിയുടെ അസിസ്റ്റന്റ് റാഫി രംഗത്ത് എത്തിയിരിക്കുകയാണ്. വോയ്‌സ് റെക്കോഡ് അടക്കം പുറത്തുവിട്ടാണ് റാഫിയുടെ പോസ്റ്റ്.

മാഡം, ഇന്നലെ നിങ്ങള്‍ പോസ്റ്റില്‍ സൂചിപ്പിച്ച ആ കോസ്റ്റ്യൂം ഡിസൈനറുടെ അസിസ്റ്റന്റ് ഞാനാണ്. നിങ്ങളോടൊപ്പം ലക്ഷദ്വീപില്‍ ഡിസൈനര്‍ സ്റ്റെഫിയുടെ അസിസ്റ്റന്റ് ആയി ഞാനാണ് വന്നത്. (തെളിവുകള്‍ വേണമെങ്കില്‍ ഹാജരാക്കാം ). നിങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം, നിങ്ങളുടെ ഓഫീസില്‍, നിങ്ങളുടെ സാന്നിധ്യത്തില്‍ ഞാനാണ് വന്നു കോസ്റ്റ്യൂം കളക്ട് ചെയ്തത്. ഇത് ചെയ്യാന്‍ നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ടതിന്റെ രേഖയാണ് വോയ്‌സ് നോട്ടായി താഴെ കൊടുത്തിരിക്കുന്നത്. ഇതിനെ കുറിച്ചാണ് നിങ്ങളുടെ സ്റ്റുഡിയോയില്‍ നിന്ന് നിങ്ങളുടെ അറിവില്ലാതെ കോസ്റ്റ്യൂംസ് എടുത്തു കൊണ്ടു പോയതായി നിങ്ങള്‍ പറഞ്ഞത്. എന്നു വച്ചാല്‍ ഞാന്‍ നിങ്ങളുടെ കോസ്റ്റ്യൂംസ് മോഷ്ടിച്ചെന്ന്. മാഡം, നിങ്ങളുടേതു പോലെ വലിയ സിനിമാ ബാക്ഗ്രൗണ്ടൊന്നും എനിക്കില്ലെങ്കിലും ഞാനത് ചെയ്യില്ല. ചെയ്ത ജോലിയുടെ കൂലി വാങ്ങി ജീവിതം കഴിക്കുന്നവരാണ് ഞങ്ങള്‍. അതു കൊണ്ട് ദയവ് ചെയ്ത് മാഡം ആ പ്രസ്താവന പിന്‍വലിക്കണം.

മാഡം പറഞ്ഞത് പ്രകാരം വാഷിംഗിനും, അയണിങ്ങിനുമായി ഞങ്ങളുടെ കൈവശം നിങ്ങള്‍ തന്നുവിട്ട കോസ്റ്റ്യൂം പിന്നീട് തുടര്‍ന്ന് ഉള്ള ജോലിയില്‍ നിന്ന് ഞങ്ങളെയെല്ലാം മാറ്റി നിര്‍ത്തിയപ്പോള്‍, നിങ്ങളുടെ ടീമിന്റെ കൈയ്യില്‍ തിരിച്ചേല്‍പിച്ചതും ഞാന്‍ തന്നെയാണ്. നിങ്ങളുടെ പോസ്റ്റില്‍ പറഞ്ഞ പോലെ കൂലിയുടെ കാര്യത്തില്‍ ഒരു വിലപേശലും നടന്നിട്ടില്ല. നിങ്ങളുടെ ഷൂട്ടിംഗും കഴിഞ്ഞു എത്രയോ നാളുകള്‍ കഴിഞ്ഞാണ് എന്റെ അസിസ്റ്റന്റ് ബാറ്റ പോലും കിട്ടിയത്. (അതിന്റെ ബാങ്ക് ഡീറ്റൈല്‍സ് എന്റെ പക്കലുണ്ട്.). പക്ഷേ നിങ്ങള്‍ പറയുന്നു, ഷൂട്ടിംഗിന് ‘2 ദിവസം’ മുന്‍പേ എന്റെ ബാറ്റ തന്നുവെന്ന്. എങ്കില്‍ അതിന്റെ തെളിവുകള്‍ നിങ്ങളാണ് നല്‍കേണ്ടത്.

സിനിമ ഇറങ്ങി ഇത്രനാള്‍ കഴിഞ്ഞിട്ടും, എന്റെ ഡിസൈനറിനുള്ള കൂലിയോ ഞങ്ങള്‍ താമസിച്ച റൂമിന്റെ വാടക പോലുമോ നിങ്ങള്‍ നല്‍കിയിട്ടില്ല (ഈ പോസ്റ്റ് ഇടുന്നത് വരെയും.) ചെയ്ത ജോലിയുടെ കൂലിക്കുവേണ്ടിയാണ് മാഡം ഇതൊക്കെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്.കൂലി ചോദിക്കുമ്പോ ഞങ്ങള്‍ തുണികള്‍ മോഷ്ടിച്ചെന്നൊക്കെ മറ്റുള്ളോരെ തെറ്റിദ്ധരിപ്പിച്ച് ഇനിയെങ്കിലും സംസാരിക്കരുത്. വളരെ ആത്മാര്‍ഥമായി ഈ തൊഴില്‍ ചെയ്ത് ജീവിക്കുന്ന ഒരാളാണ് ഞാന്‍. തുടര്‍ന്നും അങ്ങനെ തന്നെ ആയിരിക്കും, അതിനിടയില്‍ മാഡം പറഞ്ഞ പോലെ ഒരു മോഷ്ടാവ് എന്ന രീതിയിലൊന്നും എന്നെ ആരും കാണരുത് എന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് ഇത്ര വിശദീകരിച്ച് എഴുതേണ്ടി വന്നത്. നന്ദി മാഡം.

Costume assistant Rafi released a voice record Director Geethu Mohandas to deny her allegations in the ongoing controversy about ‘Moothon’s costume.

Next : പൊളിറ്റിക്കല്‍ കറക്റ്റനസ് തിരയുന്നത് സിനിമയെ പ്രതികൂലമായി ബാധിക്കും: പ്രതാപ് പോത്തന്‍

Related posts