ഇളവുകള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി; തിയറ്ററുകള്‍ തുറക്കാന്‍ ധാരണ

വിവിധ സിനിമാ സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ തിയറ്ററുകള്‍ ഉടന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ധാരണയായി. തിയറ്ററുകള്‍ തുറക്കുന്ന തീയതി ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്ന് പ്രഖ്യാപിക്കുമെന്ന് സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. ഫിലിം ചേംബര്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് എന്നിവയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കോവിഡ് 19 ലോക്ക്ഡൌണ്‍ മുതല്‍ അടച്ചിട്ടിരുന്ന തിയറ്ററുകള്‍ ജനുവരി 5 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അടച്ചിട്ടിരുന്ന കാലത്തെ നഷ്ടങ്ങള്‍ കൂടി കണക്കിലെടുത്ത് ചില ഇളവുകള്‍ സര്‍ക്കാര്‍ നല്‍കുന്നതുവരെ തിയറ്റര്‍ തുറക്കേണ്ടെന്ന് സംഘടനകള്‍ തീരുമാനിക്കുകയായിരുന്നു.

ലൈസന്‍സുകള്‍ പുതുക്കുന്നതിന് തിയറ്റര്‍ ഉടമകള്‍ക്ക് സാവകാശം അനുവദിക്കും. സാമ്പത്തിക നഷ്ടം പരിഗണിച്ചുള്ള നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. എന്നാല്‍ സെക്കന്‍ഡ് ഷോ അനുവദിക്കണം എന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. ജനുവരി 13ന് തമിഴ് ചിത്രം മാസ്റ്ററിന്‍റെ പ്രദര്‍ശനത്തോടെ തിയറ്ററുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് സാധ്യത. ഈ ചിത്രത്തിന് ദൈര്‍ഘ്യം കൂടുതലായതിനാല്‍ 9.00 മണിക്ക് തിയറ്റര്‍ അടയ്ക്കുന്നതില്‍ ഇളവ് വേണമെന്ന് തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചെറിയ ചില വിട്ടുവീഴ്ചകള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഉണ്ടാകുക എന്നതിനാല്‍ 4 ഷോകള്‍ ഒരു സ്ക്രീനില്‍ സാധ്യമായേക്കില്ല.

Kerala film organisations decided to open theaters after their discussions with CM Pinarayi Vijayan.

Film scan Latest