കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്ന പരാതിയില്‍ തമിഴ്നാട് പൊലീസ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 3-യുടെ ഷൂട്ടിംഗ് ഇനി തുടരാനാകില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 100 ദിവസം നിശ്ചയിച്ച് തുടങ്ങിയ ഷോ 90ല്‍ അധികം ദിവസം പിന്നിട്ട സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി നിര്‍ത്തേണ്ടി വന്നത്. തമിഴ്നാട്ടിലെ ഇവിഎം ഫിലിം സിറ്റിയിലായിരുന്നു ബിഗ് ബൌസ് ഹൌസ് നിര്‍മിച്ച് ഷൂട്ടിംഗ് നടന്നിരുന്നത്. തമിഴ് നാട്ടിലെ ലോക്ക്ഡൌണ്‍ കാരണം നേരത്തേ ഷോ രണ്ടാഴ്ച കൂടി നീട്ടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിനിടെയാണ് പൊലീസ് ഇടപെട്ട ഷോ നിര്‍ത്തിവെച്ചത്.
നേരത്തേ രണ്ടാം സീസണും കൊറോണ വ്യാപനത്തെ തുടര്‍ന്ന് 70 ദിവസങ്ങള്‍ പിന്നിട്ട ഘട്ടത്തില്‍ നിര്‍ത്തേണ്ടി വന്നിരുന്നു. ഇതുകൂടി കണക്കിലെടുത്ത് ഇത്തവണ വിജയിയെ പ്രഖ്യാപിക്കണം എന്ന തീരുമാനത്തിലാണ് ചാനല്‍ എത്തിയിട്ടുള്ളത്. 90 ദിവസങ്ങള്‍ക്കു മേല്‍ ഷോ പിന്നിട്ട സാഹചര്യത്തില്‍ ഹൌസില്‍ അവശേഷിച്ചിരുന്ന 8 മല്‍സരാര്‍ത്ഥികള്‍ക്കായി ഹോട്ട് സ്റ്റാറിലൂടെ പ്രേക്ഷകര്‍ക്ക് വോട്ട് രേഖപ്പെടുത്താമെന്നും ഏറ്റവുമധികം വോട്ട് ലഭിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുമെന്നും ചാനല്‍ ഔദ്യോഗികമായി പുറത്തിറക്കിയ വിഡിയോയില്‍ പറയുന്നു. അവതാരകനായ മോഹന്‍ലാലിന്‍റെ ശബ്ദത്തില്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
മേയ് 24 തിങ്കളാഴ്ച രാത്രി 11 മണി മുതല്‍ മേയ് 29 ശനിയാഴ്ച രാത്രി 11 മണി വരെയുള്ള വോട്ടിംഗാണ് കണക്കിലെടുക്കുക. ഞായറാഴ്ച പുരസ്കാരം നല്‍കുന്നതിനായി ലളിതമായ ഒരു ചടങ്ങും ഉണ്ടായേക്കും.
അണിയറ പ്രവര്‍ത്തകരില്‍ 6 പേര്‍ക്ക് കൊറോണ ബാധിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ സ്ഥിരം സെറ്റില്‍ ഉള്ളവരല്ലെന്നും ഇവരുമായി നേരിട്ട് ഇടപെട്ടവരെ ക്വാറന്റൈനില്‍ ആക്കിയെന്നുമാണ് റിയാലിറ്റി ഷോ അധികൃതര്‍ വിശദീകരിച്ചിരുന്നത്. അതിനിടെയാണ് പൊലീസ് ഇടപെട്ട് ഷൂട്ടിംഗ് നിര്‍ത്തിയത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള തമിഴ്‌നാട്ടില്‍ തുടര്‍ന്നിരുന്ന ഒരേയൊരു തുടര്‍ ഷൂട്ടിംഗ് ബിഗ്‌ബോസ് സീസണ്‍ മലയാളം 3-യുടേത് ആയിരുന്നു. മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയതിന് ഫിലിം സിറ്റിക്ക് 1 ലക്ഷം രൂപ പിഴ ചുമത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
BiggBoss Malayalam season 3 officially stopped due to COVID 19. But there should be a winner via viewers voting.