കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്ന പരാതിയില്‍ പൊലീസ് ബിഗ് ബോസ് മലയാളം സീസണ്‍ 3-യുടെ ഷൂട്ടിംഗ് പൊലീസ് നിര്‍ത്തിവെപ്പിച്ചു. അണിയറ പ്രവര്‍ത്തകരില്‍ 6 പേര്‍ക്ക് കൊറോണ ബാധിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ സ്ഥിരം സെറ്റില്‍ ഉള്ളവരല്ലെന്നും ഇവരുമായി നേരിട്ട് ഇടപെട്ടവരെ ക്വാറന്റൈനില്‍ ആക്കിയെന്നുമാണ് റിയാലിറ്റി ഷോ അധികൃതര്‍ വിശദീകരിച്ചിരുന്നത്. അതിനിടെയാണ് പൊലീസ് ഇടപെട്ട് ഷൂട്ടിംഗ് നിര്‍ത്തിയത്. പ്രശ്‌നം പരിഹരിച്ച ശേഷം ഷോ പുനരാരംഭിക്കാനാണ് ശ്രമം നടക്കുന്നത്.
മല്‍സരാര്‍ത്ഥികളെ താല്‍ക്കാലികമായി ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തേ ഇതേ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ 100 ദിവസത്തെ ഷോ രണ്ടാഴ്ച നീട്ടിയിരുന്നു. കോവിഡ് ബാധ മൂലം ഒരാഴ്ച എലിമിനേഷന്‍ പ്രക്രിയ ഒഴിവാക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ 90ല്‍ അധികം ദിവസം പിന്നിട്ട മല്‍സരാര്‍ത്ഥികളും അണിയറ പ്രവര്‍ത്തകരും ഗ്രാന്‍ഡ് ഫിനാലെക്കായുള്ള ഒരുക്കത്തിലായിരുന്നു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള തമിഴ്‌നാട്ടില്‍ തുടര്‍ന്നിരുന്ന ഒരേയൊരു തുടര്‍ ഷൂട്ടിംഗ് ബിഗ്‌ബോസ് സീസണ്‍ മലയാളം 3-യുടേത് ആയിരുന്നു. ചെന്നൈയിലെ ഇവിഎം ഫിലിം സിറ്റിയിലാണ് മല്‍സരാര്‍ത്ഥികള്‍ പുറം ലോകവുമായി ബന്ധമില്ലാതെ 100 ദിനങ്ങള്‍ കഴിച്ചുകൂട്ടുന്നതിനുള്ള ബിഗ് ബോസ് ഹൗസ് ഒരുക്കിയിരുന്നത്. മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയതിന് ഫിലിം സിറ്റിക്ക് 1 ലക്ഷം രൂപ പിഴ ചുമത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
BiggBoss Malayalam season 3 shelved by the police for not keeping Covid restrictions.