ഭദ്രന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് ‘ അയ്യര്‍ ദ് ഗ്രേറ്റ്’. എന്നാല്‍ ഈ ചിത്രമിറങ്ങി 28 വര്‍ഷം പിന്നിടുമ്പോഴും മറ്റൊരു ചിത്രത്തിനായി ഇരുവരും ഒന്നിച്ചിട്ടില്ല. അയ്യര്‍ ദി ഗ്രേറ്റ് ചിത്രീകരണത്തിനിടെ ഉണ്ടായ ചില കാര്യങ്ങള്‍ ഇതിനിടയാക്കിയെന്ന് വ്യക്തമാക്കുകയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഭദ്രന്.
കോയമ്പത്തൂരില്‍ ഇടിമിന്നലേറ്റ് ജീവിന് തിരിച്ചു കിട്ടിയ ഒരു പയ്യന് പ്രത്യേക രീതിയില്‍ പെരുമാറുകയും ഒരു പ്രവചനം നടത്തുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കി തിരക്കഥ ഒരുക്കാന്‍ മലയാറ്റൂര്‍ രാമകൃഷ്ണനെ ആണ് ഏല്‍പ്പിച്ചത്. ‘പറഞ്ഞപ്പോലെ അദ്ദേഹം മൂന്ന് മാസം കൊണ്ട് തിരക്കഥ പൂര്‍ത്തിയാക്കിത്തന്നു, മുന്‍കൂര്‍ ജാമ്യം പോലെ ഒരു കാര്യം പറഞ്ഞു, മറ്റ് ചില പ്രശ്നങ്ങള്‍ കാരണം തിരക്കഥയില്‍ അദ്ദേഹത്തിന് വേണ്ടത്ര വിധം ശ്രദ്ധ ചെലുത്താനായില്ലെന്ന്. ഒരുപാട് കഠിനാധ്വാനം ചെയ്താണ് തിരക്കഥ സിനിമയ്ക്ക് വേണ്ട രീതിയില്‍ മാറ്റിയത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉള്‍പ്പെടെയുള്ള സ്പെഷ്യല്‍ ഇഫക്ട്സുകള്‍ മലയാള സിനിമയില്‍ ആദ്യമായി അവതരിപ്പിച്ചത് ഈ ചിത്രത്തിലായിരുന്നു’.
നടന് രതീഷ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. സിനിമയ്ക്ക് വേണ്ട പണം രതീഷ് മറ്റു ചില ആവശ്യങ്ങള്‍ക്കായി മറിച്ചതാനാല് സിനിമ പൂര്‍ത്തിയാക്കാനാവാത്ത അവസ്ഥ വന്നുവെന്ന് ഭദ്രന് പറയുന്നു. ‘അതിനിടെ ഭദ്രന് പണം ധൂര്‍ത്തടിക്കുന്ന സംവിധായകന് ആണെന്ന് നിര്‍മാതാക്കളുടെ ഇടയില്‍ ശ്രുതി പരന്നു. ചിത്രീകരണ സമയത്ത് മമ്മൂട്ടിയും എന്നെ ഒരുപാട് തെറ്റിദ്ധരിച്ചു. പിന്നീട് അദ്ദേഹം വേണ്ട രീതിയില്‍ സഹകരിച്ചില്ല. അവസാനം മറ്റു ചിലര്‍ ഇടപെട്ട് സംവിധായകന്റെ സ്ഥാനത്ത് നിന്ന് എന്നെ നീക്കം ചെയ്യാനുള്ള ശ്രമം വരെ നടന്നു. പുറത്തു പറയാന്‍ പറ്റാത്ത പല കാര്യങ്ങളും ആ സിനിമയുടെ അണിയറയില്‍ നടന്നു. എന്നാല്‍ ആ സിനിമ റിലീസ് ചെയ്തപ്പോള്‍ എന്നേക്കുറിച്ചുള്ള അഭിപ്രായം മാറി. ചിത്രം സൂപ്പര്‍ ഹിറ്റായി. തമിഴ്നാട്ടില്‍ 150 ദിവസത്തിലധികം ചിത്രം ഓടി’ ഭദ്രന് പറഞ്ഞു.
Tags:BhadaranIyer the greatmammootty